സ്‌നേഹത്തിന്റെ ഓണക്കിറ്റുമായി വസന്ത ചേച്ചി എത്തി
സ്‌നേഹത്തിന്റെ ഓണക്കിറ്റുമായി വസന്ത ചേച്ചി എത്തി

ഇടുക്കി: തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും നെടുങ്കണ്ടം ആശാഭവനിലെ അന്തേവാസികള്‍ക്ക് ഓണക്കിറ്റുമായി ഹരിത കര്‍മസേനാംഗമായ വസന്ത എസ് നായര്‍ എത്തി. നെടുങ്കണ്ടം പഞ്ചായത്തില്‍ 5 വര്‍ഷമായി ഹരിത കര്‍മസേനയില്‍ പ്രവര്‍ത്തിക്കുന്ന വസന്ത ഇപ്പോള്‍ പതിനാറാം വാര്‍ഡ് ഹരിത കര്‍മ സേനാംഗമാണ്. സ്വദേശമായ തൂക്കുപാലത്തു നിന്ന് എത്തിയാണ് നെടുങ്കണ്ടം ടൗണ്‍ ഉള്‍പ്പെടെ ഹരിത കര്‍മ സേന പ്രവര്‍ത്തനങ്ങളില്‍ വസന്ത സജീവമാകുന്നത്. വളരെ തുശ്ചമായ തന്റെ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം മാറ്റി വച്ചാണ് ആശാഭവനിലെ കുട്ടികള്‍ക്ക് ഓണക്കിറ്റ് നല്‍കുന്നത്. വസന്തയുടെ തീരുമാനത്തിനു പിന്നിലും ഒരു കഥയുണ്ട്. ശുചീകരണ തൊഴിലാളികളായ തങ്ങളെ പലരും രണ്ടാം തരക്കാരായി പരിഗണിച്ചപ്പോള്‍ ക്ലീന്‍ സോള്‍ജിയേഴ്‌സ് എന്ന പദവി നല്‍കി ആശാഭവന്‍ മുന്‍പ് ഇവരെ ആദരിച്ചിരുന്നു. പഞ്ചായത്തിലെ മുഴുവന്‍ ശുചീകരണ തൊഴിലാളികളെയും ഒരുമിച്ച് ചേര്‍ത്ത് ഓണാഘോഷവും സദ്യയും സമ്മാനങ്ങളും നല്‍കിയാണ് അന്ന് പിരിഞ്ഞത്. തങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ ആശാഭവന്റെ പ്രവര്‍ത്തി വലിയ അംഗീകാരമായിരുന്നുവെന്ന് വസന്ത പറഞ്ഞു. വാര്‍ഡ് മെബര്‍ ജോജി ഇടപ്പള്ളികുന്നേലിനൊപ്പമെത്തിയാണ് വസന്ത ഓണക്കിറ്റ് കൈമാറിയത്.
What's Your Reaction?






