ഭൂനിയമ ഭേദഗതി ചട്ടം ഇടുക്കിയിലെ ഭൂപ്രശ്‌നം സങ്കീര്‍ണമാക്കും: ബിജെപി ജില്ലാ കമ്മിറ്റി
ഭൂനിയമ ഭേദഗതി ചട്ടം ഇടുക്കിയിലെ ഭൂപ്രശ്‌നം സങ്കീര്‍ണമാക്കും: ബിജെപി ജില്ലാ കമ്മിറ്റി

ഇടുക്കി: ഭൂനിയമ ഭേദഗതിയും പുതിയ ചട്ടങ്ങളും ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും നിര്‍മാണ നിരോധനവും കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ബിജെപി ജില്ലാ കമ്മിറ്റി. 2024 ജൂണ്‍ 7 വരെയുള്ള നിര്‍മാണങ്ങള്‍ക്ക് ഭേദഗതിയിലൂടെ ആനുകൂല്യം ലഭിക്കുമ്പോള്‍ അതിനുശേഷം നിര്‍മിച്ചവ അനധികൃതമാകും. നിലവില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതും തൊഴിലാളി ക്ഷേമനിധിയും കരവുമടച്ച് ഉപയോഗിക്കുന്നതുമായ മുഴുവന്‍ കെട്ടിടങ്ങളും അമിത ഫീസ് അടച്ച് ക്രമവല്‍ക്കുക എന്നുപറയുന്നത് ഇവ അനധികൃതമാണെന്നാണ്. സിപിഐ എമ്മും സിപിഐയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനത്തെ കൊള്ളയടിച്ച് പണം സമ്പാദിക്കാന്‍ വഴിയൊരുക്കുന്ന കൊള്ളയാണ് പുതിയ ഭേദഗതി.2016ല്‍ നിര്‍മാണനിരോധനം തുടങ്ങിയപ്പോള്‍ 1500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള നിര്‍മിതികള്‍ സര്‍ക്കാരിലേക്ക് കണ്ട് കെട്ടി പാട്ടത്തിന് കൊടുക്കുമെന്ന വിചിത്രനിയമം കൊണ്ട് വന്നതും ഇടതുപക്ഷ സര്‍ക്കാരാണ്. ആ പൊല്ലാപ്പിന് പ്രതിവിധിയായി വേറൊരു കൊള്ളയുമായി എത്തിയിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. സിപിഐ, സിപിഐഎം അനധികൃത ഓഫീസ് നിര്‍മാണങ്ങള്‍ നിയമാനുസൃതമാക്കാനും ഇതുവഴി ജില്ലയിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കര്‍ഷകരെ കൊള്ളയടിക്കുന്നതിനായാണ് വീണ്ടും ഭേദഗതിയുമായി എത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് തങ്ങളുടെ പട്ടയഭൂമി സ്വാതന്ത്ര്യമായി ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സി സന്തോഷ്‌കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ രതീഷ് വരകുമല, ഷാജി നെല്ലിപ്പറമ്പില്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ്, മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






