ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടം രൂപീകരണംകൊണ്ട് ജില്ലയിലെ ഭൂപ്രശ്‌നങ്ങളുടെ പരിഹാരമല്ല ജനങ്ങളെ കൊള്ളയടിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഡിസിസി പ്രസിഡന്റ് സി പി മാത്യു പറഞ്ഞു. പാര്‍ട്ടി ഫണ്ട് പിരിക്കുന്ന മോഡലില്‍ കര്‍ഷകരില്‍നിന്ന് ക്രമവല്‍ക്കരണത്തിന്റെ പേരില്‍ കോടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പിരിച്ചെടുക്കാന്‍ പോകുന്നത്. വരാന്‍ പോകുന്നത് സിപിഐ എം നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥ വാഴ്ചയാണ്. ഇതാണോ നവകേരളമെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് നമ്പര്‍ ലഭിച്ച് കെട്ടിട നികുതിയും ഭൂനികുതിയുമടച്ച് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും വീടുകളും നിയമ വിരുദ്ധമാക്കി ക്രമവല്‍ക്കരിക്കാന്‍ ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നിലവില്‍ ജനങ്ങളെ ബാധിക്കുന്ന ജില്ലയിലെ ഭൂപ്രശ്നങ്ങളായ നിര്‍മാണനിരോധനം, സിഎച്ച്ആറിലെ പ്രശ്‌നങ്ങള്‍, വിവിധ വില്ലേജുകളില്‍ പട്ടയവിതരണത്തിനുള്ള തടസങ്ങള്‍, പഴയ റിസര്‍വ് വനങ്ങളുടെ വിഞ്ജാപനത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ പട്ടയ, കൈവശഭൂമിയില്‍ വനം വകുപ്പ് അവകാശം സ്ഥാപിക്കുന്നതുള്‍പ്പടെയുള്ള വിഷയങ്ങളൊന്നും പരിഹരിക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ പ്രശ്നങ്ങളെല്ലാം നിലനില്‍ക്കേയാണ് ആറുപതിറ്റാണ്ടായി ജില്ലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെല്ലാം ശാശ്വതമായി പരിഹരിച്ചുവെന്ന് വ്യാജപ്രചാരണവുമായി മുഖ്യമന്ത്രിയും മന്ത്രി റോഷി അഗസ്റ്റിനും ഉള്‍പ്പെടെയുള്ള ഇടതുനേതാക്കളും രംഗത്ത് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.