കൈവശരേഖ പേരിലാക്കി മകള്‍ ഭൂമി തട്ടിയെടുത്തതായി വൃദ്ധമാതാവിന്റെ പരാതി
കൈവശരേഖ പേരിലാക്കി മകള്‍ ഭൂമി തട്ടിയെടുത്തതായി വൃദ്ധമാതാവിന്റെ പരാതി

ഇടുക്കി: മകളും മരുമകനും ചേര്‍ന്ന് കൈവശരേഖ അവരുടെ പേരിലാക്കി വസ്തു തട്ടിയെടുത്തതായി പരാതി. ഉപ്പുതറ കണ്ണന്‍പടി കുടിത്തോപ്പില്‍ വത്സ സുകുമാരനാണ് ഉപ്പുതറ പൊലീസ് സ്റ്റേഷനിലും വനിതാ കമ്മിഷനും പരാതി നല്‍കിയത്. മുമ്പ് ട്രൈബല്‍ വകുപ്പില്‍ പരാതി നല്‍കിയപ്പോള്‍ വസ്തു തിരിച്ചുനല്‍കാമെന്ന് മകള്‍ സമ്മതിച്ചതല്ലാതെ ഇതുവരെ കൈമാറിയിട്ടില്ല. 28 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച വത്സ ഹോംനഴ്‌സ് ആയി ജോലി ചെയ്ത് സമ്പാദിച്ച ഭൂമി മകള്‍ കൈവശപ്പെടുത്തിയെന്നാണ് ആക്ഷേപം. കൂടാതെ വത്സ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തേയ്ക്ക് മുമ്പ് ഉണ്ടായിരുന്ന നടപ്പുവഴിയും മകള്‍ കെട്ടിയടച്ചതായി പരാതിയില്‍ പറയുന്നു.
വത്സയ്ക്ക് വീട്ടില്‍ നിന്ന് നടപ്പുവഴിയിലൂടെ മാത്രമേ റോഡിലേക്ക് എത്താന്‍ കഴിയൂ. എന്നാല്‍ ഇവര്‍ ഇതുവഴി നടക്കാനോ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് പോസ്റ്റ് ഇടാനോ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനോ അനുവദിക്കുന്നില്ലെന്നാണ് പരാതി. വത്സയുടെ പരാതിയില്‍ പൊലീസും വനിതാ കമ്മിഷനും ഇടപെട്ട് മകളുടെ സ്ഥലത്തിന്റെ അതിര്‍ത്തിയിലൂടെ നടപ്പുവഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഏതാനും ദിവസം വത്സ ഇതുവഴി സഞ്ചരിച്ചു. എന്നാല്‍ ആലപ്പുഴയില്‍ ചികിത്സയ്ക്കായി പോയി മടങ്ങി വന്നപ്പോള്‍ മകള്‍ നടപ്പുവഴി കെട്ടിയടച്ച് മീന്‍കുളം നിര്‍മിച്ചു.നിലവില്‍ സമീപവാസിയുടെ പുരയിടത്തിലൂടെയാണ് വത്സ വീട്ടിലെത്തുന്നത്. അടുത്തദിവസങ്ങളില്‍ ഈ മതില്‍കെട്ടി തിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ആകെയുണ്ടായിരുന്ന വഴിയും നഷ്ടമാകും.
What's Your Reaction?






