ഭൂനിയമം ഭേദഗതി ചെയ്തത് ജില്ലയിലെ നിര്‍മാണങ്ങള്‍ നിയമവിരുദ്ധമെന്ന കോടതി വിധി മറികടക്കാന്‍: സി വി വര്‍ഗീസ്

ഭൂനിയമം ഭേദഗതി ചെയ്തത് ജില്ലയിലെ നിര്‍മാണങ്ങള്‍ നിയമവിരുദ്ധമെന്ന കോടതി വിധി മറികടക്കാന്‍: സി വി വര്‍ഗീസ്

Sep 2, 2025 - 17:46
 0
ഭൂനിയമം ഭേദഗതി ചെയ്തത് ജില്ലയിലെ നിര്‍മാണങ്ങള്‍ നിയമവിരുദ്ധമെന്ന കോടതി വിധി മറികടക്കാന്‍: സി വി വര്‍ഗീസ്
This is the title of the web page

ഇടുക്കി: ആറര പതിറ്റാണ്ടായി ജില്ലയില്‍ നടത്തിയിട്ടുള്ള നിര്‍മാണങ്ങള്‍ നിയമ വിരുദ്ധമാണെന്ന ഹൈക്കോടതി വിധിയെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 1960 ലെ ഭൂനിയമം ഭേദഗതി ചെയ്തതും നിയമത്തിന് അനുബന്ധമായ പുതിയ ചട്ടങ്ങള്‍ രൂപീകരിച്ചതെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. ജില്ലയിലെ നിര്‍മാണങ്ങള്‍ 1960ലെ ഭൂനിയമത്തിനും 1964ലെ ചട്ടങ്ങള്‍ക്കും വിധേയമായിട്ടാണ്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ വഴി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നിര്‍മാണങ്ങള്‍ മുഴുവന്‍ നിയമവരുദ്ധമാണെന്നും തുടര്‍നിര്‍മാണം പാലില്ലെന്നും കോടതി വിധിയുണ്ടായത്. ആദ്യം ജില്ലയ്ക്ക് ബാധകമായിരുന്ന വിധി ബൈസണ്‍വാലിയില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് നേതാവ് ലാലി വിന്‍സെന്റ് കുഴല്‍നാടന്‍ വഴി നല്‍കിയ ഹര്‍ജിയിലൂടെ കേരളത്തിലാകെ ബാധകമാണെന്നും ഹൈക്കോടതി വിധിക്കുകയുണ്ടായി. 1960 ലെ ഭൂ നിയമ പ്രകാരം ഇടുക്കിയില്‍ പട്ടയം നല്‍കിയിട്ടുള്ള ഭൂമി കൃഷിക്കും വീട് വെയ്ക്കുന്നതിനും മാത്രമുള്ളതാണെന്നും മറ്റ് വാണിജ്യ നിര്‍മ്മാണങ്ങള്‍ പാടില്ലെന്നും അത്തരം വാണിജ്യ നിര്‍മ്മാണങ്ങള്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു കുഴല്‍നാടന്റെ ഹര്‍ജി. 1960 ല്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ആര്‍. ശങ്കര്‍ കൊണ്ടുവന്ന കിരാത നിയമം മാറ്റിക്കിട്ടാന്‍ നിയമ ഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. 65 വര്‍ഷത്തിലധികമായി ജില്ലയിലെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച് ഭൂ നിയമ ഭേദഗതി അവതരിപ്പിച്ച് ഐക്യകണ്ഠേന പാസാക്കിയത്. നിയമ വിദഗ്ധരുമായി വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം റവന്യൂ- നിയമ വകുപ്പുകള്‍ തയാറാക്കിയ പുതിയ ചട്ടങ്ങള്‍ക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. നിലവിലുള്ള മുഴുവന്‍ നിര്‍മാണങ്ങളും ക്രമവല്‍ക്കരിച്ച് നിയമ സാധുത നല്‍കുക എന്നതാണ് ഈ ചട്ട രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. തുടര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2 മാസത്തിനുള്ളില്‍ മാര്‍ഗ നിര്‍േദശങ്ങള്‍ തയ്യാറാക്കി പുതിയ ചട്ടങ്ങള്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും വ്യക്തമാക്കി കഴിഞ്ഞു. 65 വര്‍ഷത്തെ പതിനായിരക്കണക്കായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കുക എന്ന ചരിത്രപരമായ ഉത്തരവാദിത്വമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. കോടതിയുടെ മുമ്പില്‍ അനധികൃത നിര്‍മാണം എന്ന പേരുദോഷം പേറി നിന്ന മലയോര ജനതയെ അതില്‍നിന്ന് സ്വതന്ത്രവും നിയമപരവുമായ കെട്ടിടങ്ങളുടെ ഉടമകളാക്കി മാറ്റുന്ന ഏറ്റവും സുപ്രധാനമായ തീരുമാനമാണ് സര്‍ക്കാരില്‍ നിന്നുണ്ടായിട്ടുള്ളത്. ഇക്കാലമത്രയും ജില്ലയിലെ ജനങ്ങളോട് വാക്കുപാലിച്ച ഇടതുപക്ഷ സര്‍ക്കാര്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചട്ടങ്ങളുടെ രൂപീകരണത്തിലേക്ക് കടന്നു കഴിഞ്ഞു.
മന്ത്രിസഭ അംഗീകരിച്ച പുതിയ ചട്ട പ്രകാരം നിലവിലുള്ള ചെറുതും വലുതുമായ മുഴുവന്‍ വീടുകള്‍ക്കും ഒരു രൂപ പോലും പിഴയില്ലാതെ നിയമപരമായ സാധൂകരണം ലഭിക്കും. 3000 ചതുരശ്ര അടിവരെയുള്ള വാണിജ്യ സ്ഥാപനങ്ങളും സാധൂകരിക്കപ്പെടുകയാണ്. മുഴുവന്‍ പൊതുസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പൂര്‍ണമായും സ്വതന്ത്രമാവുകയാണ്. 3000 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് നാമമാത്രമായ ഫീസ് മാത്രമാണ് ഈടാക്കുന്നത്. 50000 ചതുരശ്ര അടിക്ക് മുകളിലുള്ള വന്‍കിട കെട്ടിടങ്ങള്‍ക്ക് മാത്രമാണ് നിരക്കില്‍ വര്‍ധന വരുന്നത്. ഇടുക്കി ജില്ലയില്‍ ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ ചുരുക്കമാണ്. അക്ഷരാര്‍ത്ഥത്തില്‍ സാധാരണക്കാരായ മുഴുവന്‍ ജനങ്ങളും ചട്ട ഭേദഗതിയിലൂടെ സ്വതന്ത്രരാക്കപ്പെടുകയാണ്. അതേസമയം വന്‍കിട ബിസിനസ്സ് ലോബിക്കുവേണ്ടി വാദിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പണമുണ്ടാക്കാനുമാണ് കോണ്‍ഗ്രസ്സും അരാഷ്ട്രീയവാദികളും ശ്രമിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്സും മാത്യു കുഴല്‍നാടനും കോടതി വ്യവഹാരങ്ങളില്‍ തളച്ചിട്ട് വഞ്ചിച്ചതില്‍ നിന്നും ഇടുക്കിയിലെ ജനതയെ മോചിപ്പിച്ചെടുക്കുക എന്ന ഏറ്റവും വലിയ ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ നിര്‍വഹിച്ചിരിക്കുന്നത്. 1960 ലെയും 1993 ലെയും ഏറ്റവും പ്രതിലോമകരമായ ഭൂ നിയമം ജില്ലയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. 9 കുടിയിറക്കുകളാണ് കോണ്‍ഗ്രസ് ഭരണകാലത്ത് ജില്ലയില്‍ നടത്തിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ സമരങ്ങളിലൂടെയാണ് മലയോര ജനതയെ കുടിയേറ്റ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്തിയത്. പരിസ്ഥിതി സംഘടനകളുമായി ഒത്തുകളിച്ച് കാലങ്ങളോളം പട്ടയം നിഷേധിച്ചു. ഒരേക്കര്‍ സ്ഥലത്തിന് മാത്രമേ പട്ടയം നല്‍കൂ എന്നും ഒരു ലക്ഷം രൂപയ്ക്ക് മേല്‍ വരുമാനം ഉള്ളവര്‍ക്ക് പട്ടയം നല്‍കില്ലെന്നും കോണ്‍ഗ്രസ് നിയമം കൊണ്ടുവന്നു. പതിച്ചു കിട്ടുന്ന ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയും കോണ്‍ഗ്രസ് ഭരണ കാലത്ത് കൊണ്ടുവന്നു. സിഎച്ച്ആര്‍ വനമാണെന്ന് ആയിരുന്നു കോണ്‍ഗ്രസിന്റെയും വി.ഡി. സതീശനുള്‍പ്പെടുന്ന ഹരിത എംഎല്‍എ മാരുടെയും നിലപാട്. വനാതിര്‍ത്തികളില്‍ 2 കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിലും ഹരിത എംഎല്‍എ മാര്‍ ഇടുക്കിക്കാര്‍ക്കെതിരായി നിലപാട് സ്വീകരിച്ചു. 16 ഉപാധികളുള്ള പട്ടയമാണ് യുഡിഎഫ് ഭരണത്തില്‍ നല്‍കിയത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഇടുക്കിക്കെതിരായി കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമങ്ങള്‍ ഒന്നൊന്നായി മാറ്റിയെഴുതി. പട്ടയ ഭൂമി കൈമാറ്റം ചെയ്യാമെന്നും 4 ഏക്കര്‍ ഭൂമിക്ക് വരെ പട്ടയം കൊടുക്കാമെന്നും വരുമാന പരിധി പാടില്ലെന്നും നിയമം കൊണ്ടുവന്നു. എല്‍ഡിഎഫ് 9 പട്ടയമേളകളിലൂടെയും അല്ലാതെയും 55000 പേര്‍ക്ക് ഉപാധിരഹിത പട്ടയം വിതരണം ചെയ്തു. ഗോത്ര ജന വിഭാഗങ്ങള്‍ക്ക് യുഡിഎഫ് കൊടുത്തത് വനാവകാശ രേഖയാണെങ്കില്‍ പിണറായി സര്‍ക്കാര്‍ യഥാര്‍ത്ഥ പട്ടയം നല്‍കി. സിഎച്ച്ആര്‍ ല്‍ പെടുന്ന 15720 ഹെക്ടര്‍ സ്ഥലം റവന്യൂ ഭൂമിയാണെന്ന് 4 തവണ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വനത്തിനുള്ളില്‍ തന്നെ ബഫര്‍സോണ്‍ നിജപ്പെടുത്തി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും 2016 ല്‍ ഭരണത്തില്‍ വന്ന പിണറായി വിജയന്‍ സര്‍ക്കരാണ്. നിയമ ഭേദഗതിയിലൂടെയും ചട്ട ഭേദഗതിയിലൂടെയും ഒരിക്കല്‍ കൂടി ഇടുക്കിയിലെ ജനങ്ങളെ കോണ്‍ഗ്രസ്സ് ഒരുക്കിയ കെണിയില്‍ നിന്നും മോചിപ്പിച്ചെടുക്കുക എന്ന ഉത്തരവാദിത്വമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ മന്ത്രിസഭ അംഗീകരിച്ച ചട്ട ഭേദഗതികള്‍ നിയമസഭ പാസാക്കി സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നതോടെ ജില്ലയിലെ നിലവിലുള്ള നിര്‍മ്മാണങ്ങള്‍ക്കെല്ലാം നിയമപരിരക്ഷ ലഭിക്കുകയാണ്. പറയുന്നതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കുന്നതാണ് നാളിതുവരെയുള്ള പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ജില്ലയിലെ ഇടതുപക്ഷ നേതാക്കള്‍ ഐക്യത്തോടെ നടത്തിയ നിരന്തരമായ ഇടപെടലിലൂടെയാണ് ഇക്കാര്യം യാഥാര്‍ഥ്യമാക്കാനായത്. ഒരിക്കലും നടക്കില്ലെന്ന് കോണ്‍ഗ്രസ് കരുതിയിരുന്ന കെട്ടിട നിര്‍മാണങ്ങള്‍ക്കുള്ള നിയമ സാധൂകരണം ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ നടപ്പിലാക്കിയതോടെ രാഷ്ട്രീയമായി സിപിഐ എമ്മിനും ഇടതുപക്ഷ മുന്നണിക്കും ഉണ്ടാകുന്ന ജനപ്രീതിയില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നടത്തുന്ന ജല്പനങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. രാഷ്ട്രീയ സംശുദ്ധി നഷ്ടപ്പെട്ട് ലൈംഗിക അരാജകത്വത്തില്‍പ്പെട്ട് ഉഴലുന്ന കോണ്‍ഗ്രസ് ജനശ്രദ്ധ തിരിക്കാന്‍ നടത്തുന്ന കുപ്രചരണവും വന്‍കിടക്കാര്‍ക്ക് വേണ്ടി നടത്തുന്ന കുഴലൂത്തും ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും സി വി വര്‍ഗീസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം നേതാക്കളായ എം.ജെ. മാത്യു, വി.ആര്‍. സജി, മാത്യു ജോര്‍ജ് എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow