ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 10 മുതല്‍ 16 വരെ നെടുങ്കണ്ടത്ത്
ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 10 മുതല്‍ 16 വരെ നെടുങ്കണ്ടത്ത്

ഇടുക്കി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി 10 മുതല്‍ 16വരെ നെടുങ്കണ്ടത് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും. 5,000 ലേറെ ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഓരോ ദിവസവും 800 പേര്‍ക്കാണ് ടെസ്റ്റ് നടത്തുന്നത്. ഇവര്‍ക്കുള്ള താമസം, യാത്രാ സൗകര്യങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങിയവ ഏകോപിപ്പിക്കുന്നതിനായി വിവിധ ഡിപ്പാര്‍ട്ടുമെന്റ് പ്രതിനിധികളുമായി കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട ചുമതലകള്‍ സംബന്ധിച്ച് കലക്ടര്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരും കായിക പ്രേമികളും ജില്ലാ കലക്ടറെ ആശങ്ക അറിയിച്ചതിനെത്തുടര്‍ന്ന് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇടുക്കി എ.ഡി.എം ഷൈജു പി ജേക്കബ്, ആര്‍മി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്റ്റേഡിയത്തില്‍ വീണ്ടും സന്ദര്‍ശനം നടത്തി. റിക്രൂട്ട്മെന്റിനായി ടെന്റുകള്‍ സ്ഥാപിക്കുന്നത് സ്റ്റേഡിയത്തിന്റെ നാശത്തിന് കാരണമാകുമെന്ന് പഞ്ചായത്ത് അധികൃതരും വിവിധ കായിക സംഘടനകളും ആരോപിച്ചിരുന്നു. റിക്രൂട്ട്മെന്റിനായി ഫീല്‍ഡില്‍ ഇറ്റാലിയന്‍ ടെന്റ് നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനം. എന്നാല്‍ ഇതിനായി ഫീല്‍ഡ് കുഴിക്കുമ്പോള്‍ വൈദ്യുതി, ഡ്രെയിനേജ്, കേബിളുകള്‍, ഫീല്‍ഡിന്റെ ബേസ് തുടങ്ങിയവ നശിക്കാന്‍ സാധ്യതയുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കായിക പ്രേമികള്‍ പരാതി നല്‍കിയത്. ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിന് ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ ഫീല്‍ഡില്‍ ഇറ്റാലിയന്‍ ടെന്റുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കി. പകരം പരമാവധി ടെന്റുകള്‍ ട്രാക്കിന് വെളിയില്‍ സ്ഥാപിക്കാനും, ഫീല്‍ഡിനുള്ളില്‍ എടുത്തുമാറ്റാവുന്ന ടെന്റുകള്‍ സ്ഥാപിക്കാനും തീരുമാനമായി. സ്റ്റേഡിയം സന്ദര്‍ശനത്തിലും തുടര്‍ന്നുള്ള യോഗത്തിലും ഇടുക്കി എ.ഡി.എം ഷൈജു പി ജേക്കബ്, ആര്‍മി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍, പൊതുമരാമത്ത്, വൈദ്യുതി, ആരോഗ്യം, വാട്ടര്‍ അതോറിറ്റി, പൊലീസ്, ഫയര്‍ ഫോഴ്സ്, കെഎസ്ആര്‍ടിസി, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






