ചിന്നക്കനാലിലെ റിസോർട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
ചിന്നക്കനാലിലെ റിസോർട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
ഇടുക്കി : ചിന്നക്കനാലിലെ ക്ലബ് മഹീന്ദ്ര റിസോർട്ടിലും സൂര്യനെല്ലിയിലെ മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതി പിടിയിൽ. മുറിഞ്ഞപുഴ അറയ്ക്കപറമ്പിൽ വീട്ടിൽ അഖിലാണ് അറസ്റ്റിലായത്. ക്ലബ്ബ് മഹീന്ദ്ര റിസോർട്ടിലെ ജീവനക്കാരനാണ് പ്രതി. ഒന്നിന് രാത്രിയാണ് സൂര്യനെല്ലിയിലെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോണും സ്മാർട്ട് വാച്ചും പവർബാങ്കും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 53,000 രൂപയും മോഷണം പോയത്. 2ന് രാത്രിയിലാണ് റിസോർട്ടിൽ മോഷണം നടന്നത്. റിസപ്ഷനിലെ സിസിടിവി ക്യാമറ തിരിച്ച് ദിശ മാറ്റിയശേഷം കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 70000 രൂപ മോഷ്ടിക്കുകയായിരുന്നു. റിസോർട്ടിലെ മോഷണം നടത്തിയത് ജീവനക്കാരിൽ ആരോ ആയിരിക്കുമെന്ന് ആദ്യമേ തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു. സൂര്യനെല്ലിയിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ലഭ്യമായ സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. രാത്രിയിലെ ദൃശ്യങ്ങൾ അവ്യക്തമായിരുന്നുവെങ്കിലും കൂടുതൽ അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞു. മോഷണം പോയ മൊബൈൽ ഫോണും മറ്റും പ്രതിയിൽനിന്ന് കണ്ടെടുത്തു. ശാന്തൻപാറ ഇൻസ്പെക്ടർ ശരലാൽ, എസ് ഐ ഹാഷിം, ഗ്രേഡ് എസ് ഐ ഉബൈസ്, സിവിൽ പോലീസ് ഓഫീസർമാരായ നജീബ്, ജിഷ്ണു, സതീഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
What's Your Reaction?

