മാനത്ത് ചുവന്നുതുടുത്ത് ചന്ദ്രിക: 'ബ്ലഡ് മൂണ്‍' കാഴ്ചാവിരുന്നായി

മാനത്ത് ചുവന്നുതുടുത്ത് ചന്ദ്രിക: 'ബ്ലഡ് മൂണ്‍' കാഴ്ചാവിരുന്നായി

Sep 8, 2025 - 14:25
 0
മാനത്ത് ചുവന്നുതുടുത്ത് ചന്ദ്രിക: 'ബ്ലഡ് മൂണ്‍' കാഴ്ചാവിരുന്നായി
This is the title of the web page

ഇടുക്കി: മാനത്ത് ചന്ദ്രിക ഒരുക്കിയ ചുവന്ന അത്ഭുതം ഇടുക്കിയില്‍ തെളിഞ്ഞ ആകാശ് കാഴ്ചാവിരുന്നായി. വാനനിരീക്ഷകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ തുറന്ന പ്രദേശങ്ങളിലടക്കം ബ്ലഡ് മൂണ്‍ എന്ന ആകാശ വിസ്മയം വീക്ഷിച്ചു. രാത്രി ഒമ്പതോടെയാണ് പൂര്‍ണചന്ദ്രഗ്രഹണം ആരംഭിച്ചത്. 11.45 ഓടെ ഗ്രഹണം പൂര്‍ണതയിലെത്തി. മുന്‍കാലങ്ങളില്‍ മൂടല്‍മഞ്ഞ് മൂടുന്നതോടെ ഇത്തരം കാഴ്ചകള്‍ ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുമായിരുന്നില്ല. ഇക്കുറി കാലാവസ്ഥ അനുകൂലമായിരുന്നു. ഹൈറേഞ്ചിലെ എല്ലാ പ്രദേശങ്ങളിലും ബ്ലഡ് മൂണ്‍ ദൃശ്യമായിരുന്നു. ഗ്രഹണത്തിന്റെ തുടക്കത്തില്‍ മൂടല്‍മഞ്ഞ് തടസമുണ്ടാക്കിയെങ്കിലും ഒരുമണിക്കൂറിനുശേഷം മാനം തെളിഞ്ഞു.
പൂര്‍ണ ചന്ദ്രഗ്രഹണസമയത്ത് ഇരുണ്ട ചുവപ്പ് നിറത്തില്‍ കാണുന്ന ചന്ദ്രബിംബമാണ് രക്തചന്ദ്രന്‍. ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ നീങ്ങുമ്പോള്‍  ചന്ദ്രോപരിതലത്തില്‍ നിഴല്‍ വീഴുമ്പോഴാണ് ചന്ദ്രഗ്രഹണമുണ്ടാകുന്നത്. ഈസമയം സൂര്യപ്രകാശം ചന്ദ്രനിലേക്ക് നേരിട്ടെത്താതെ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നു. റെയ്‌ലി സ്‌കാറ്ററിങ് എന്ന പ്രതിഭാസമാണ് ഇതിനുകാരണം. സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ അതിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ നീലയും വയലറ്റും പോലുള്ള നിറങ്ങള്‍ അന്തരീക്ഷത്തിലെ തന്മാത്രകളെ തട്ടി ചിതറിപ്പോകുന്നു. എന്നാല്‍ തരംഗദൈര്‍ഘ്യം കൂടുതലുള്ള ചുവപ്പ് ഓറഞ്ച് എന്നിവ അധികം ചിതറി പോകാതെ നേരെ മുന്നോട്ട് സഞ്ചരിക്കും. ചുവപ്പ് നിറത്തിലുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ വളഞ്ഞ് ചന്ദ്രനില്‍ പതിക്കുന്നു. അങ്ങനെയാണ് ചന്ദ്രന്‍ മങ്ങിയ ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നത്.
2018 ജൂലൈ 27ന് ശേഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും കാണാന്‍ സാധിച്ച ആദ്യ ചന്ദ്രഗ്രഹണമായിരുന്നു ഞായറാഴ്ച. 2022നുശേഷം ഇന്ത്യയില്‍നിന്ന് ദൃശ്യമാകുന്ന ദൈര്‍ഘ്യം കൂടിയ പൂര്‍ണ ചന്ദ്രഗ്രഹണവും. നിരവധിപേര്‍ ബ്ലഡ് മൂണ്‍ അടുത്തുകാണാനും ചിത്രങ്ങള്‍ പകര്‍ത്താനും സൂമിങ് കപ്പാസിറ്റിയുള്ള ക്യാമറകളും മൊബൈല്‍ ഫോണുകളുമായി വിവിധ ഇടങ്ങളില്‍ നിലയുറപ്പിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow