പ്രായപൂർത്തിയാകാത്ത ജാർഖണ്ഡ് സ്വദേശിനി ജോലിസ്ഥലത്ത് പ്രസവിച്ചു: കുഞ്ഞ് മരിച്ചു
പ്രായപൂർത്തിയാകാത്ത ജാർഖണ്ഡ് സ്വദേശിനി ജോലിസ്ഥലത്ത് പ്രസവിച്ചു: കുഞ്ഞ് മരിച്ചു
ഇടുക്കി: വണ്ടൻമേട്ടിൽ അതിഥി തൊഴിലാളിയായെത്തിയ ജാർഖണ്ഡ് സ്വദേശിനി പ്രസവിച്ച കുഞ്ഞ് മരിച്ചു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വണ്ടൻമേട് പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. 20 ദിവസം മുൻപാണ് നെറ്റിത്തൊഴുവിലെ ഏലത്തോട്ടത്തിൽ പണിക്കായി പെൺകുട്ടി എത്തിയത്. ഒരു യുവാവിനൊപ്പമാണ് പെൺകുട്ടി എത്തിയത്. തിങ്കളാഴ്ച പുലർച്ചെ പെൺകുട്ടി പ്രസവിച്ചു. ഏഴാം മാസത്തിലായിരുന്നു പ്രസവം. എന്നാൽ പെൺകുട്ടി ഗർഭിണിയായിരുന്നെന്നതും പ്രസവിച്ചതുമൊന്നും മറ്റാരും അറിഞ്ഞില്ല. വൈകിട്ടോടെ കുട്ടിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടപ്പോഴാണ് കുഞ്ഞ് ജനിച്ചവിവരം മറ്റുള്ളവർ അറിഞ്ഞത്. തുടർന്ന് പുറ്റടിയിലെ ഗവ. ആശുപത്രിയിലും കട്ടപ്പനയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. മാസംതികയാതെ പ്രസവിച്ചതുമൂലമുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞിന്റെ മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വണ്ടൻമേട് പൊലീസ് പോക്‌സോ കേസ് എടുത്തിട്ടുണ്ട്. ജാർഖണ്ഡിൽവച്ച് വിവാഹം നടന്നതായി വിവരം ലഭിച്ചതിനാൽ കേസ് അവിടേയ്ക്ക് കൈമാറാനാണ് തീരുമാനം.
What's Your Reaction?

