ഇടമലക്കുടിയുടെ യാത്രാദുരിതത്തിന് അറുതിയില്ല: ഗോത്രജനത സമരത്തിലേക്ക്
ഇടമലക്കുടിയുടെ യാത്രാദുരിതത്തിന് അറുതിയില്ല: ഗോത്രജനത സമരത്തിലേക്ക്
ഇടുക്കി: ഇടമലകുടിയില്‍ രോഗികളെ മഞ്ചല്‍ കെട്ടി ചുമന്ന് കാടിറങ്ങുന്ന ജനതയുടെ ദുരിതകാഴ്ച പതിവായിരിക്കുകയാണ്. എന്നിട്ടും റോഡ് നിര്‍മാണം പൂര്‍ത്തികരിക്കാത്തത്തില്‍ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണ് ഇടമലകുടി നിവാസികള്‍. കേരളത്തില്‍ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന സംസ്ഥാനത്തെ ഏകഗോത്ര പഞ്ചായത്ത് രൂപീകരിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സഞ്ചാരയോഗ്യമായ ഒരു റോഡ് പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. നിത്യോപയോഗസാധനങ്ങള്‍ തലചുമടായി കിലോമീറ്ററുകള്‍ നടന്ന് എത്തിക്കണം എന്നതിനൊപ്പം നിവാസികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് കൃത്യസമയത്ത് രോഗികള്‍ക് ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്തത്. രോഗികളെ മഞ്ചല്‍ കെട്ടിഇരുത്തി കിലോമീറ്ററുകള്‍ ചുമന്നാണ് ഇവര്‍ പുറംലോകത്ത് എത്തിക്കുന്നത്. ചികിത്സ കൃത്യസമയത്ത് ലഭ്യമാകാതെ നാല് ജീവനുകളാണ് ഇടമലകുടിക്ക് നഷ്ടപ്പെട്ടത്. 2024ല്‍ ആരംഭിച്ച പെട്ടിമുടി - ഇഡലിപാറ റോഡ് നിര്‍മാണം ഈ ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ നിലവില്‍ റോഡ് നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. ഇടമലകുടിയില്‍ ആകെയുള്ള 28 കുടികളില്‍ 10 കുടികളില്‍ ഉള്ളവര്‍ക്ക് മാത്രമേ പുതിയ പാത പൂര്‍ത്തിയായാലും പ്രയോജനം ലഭിക്കൂ. ബാക്കിയുള്ള 18 കുടികളിലെ 1600ഓളം വരുന്ന ആളുകള്‍ കൂടല്ലാര്‍ വഴി മാങ്കുളത്തിന് സമീപം ആനകുളത്ത് എത്തിയാണ് യാത്ര ചെയ്യുന്നത്. മീന്‍കുത്തികുടിയില്‍ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ റോഡ് നിര്‍മിച്ചാല്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും പ്രയോജനകരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധമടക്കമുള്ള സമരത്തിന് തയ്യാറെടുക്കുകയാണ് ഇവര്‍.
What's Your Reaction?