ഭൂനിയമ ഭേദഗതി: ജില്ലയിലെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സംയുക്ത കര്‍ഷക സമിതി അഭിവാദ്യ പ്രകടനവും പൊതുയോഗവും 17ന്
ഭൂനിയമ ഭേദഗതി: ജില്ലയിലെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സംയുക്ത കര്‍ഷക സമിതി അഭിവാദ്യ പ്രകടനവും പൊതുയോഗവും 17ന്

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടം യാഥാര്‍ഥ്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് സംയുക്ത കര്‍ഷകസമിതി 17ന് വൈകിട്ട് 5ന് ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലും അഭിവാദ്യ പ്രകടനം നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ നിര്‍മാണങ്ങള്‍ പട്ടയ വ്യവസ്ഥയുടെ ലംഘനമാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ കേസ് നല്‍കിയത് മാത്യു കുഴല്‍നാടനന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ്. ഇതിനെ തുടര്‍ന്നുണ്ടായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2018ല്‍ നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയെങ്കിലും മുതിര്‍ന്ന അഭിഭാഷകനായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കേരളത്തിനെതിരെ വാദിക്കുകയും സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവയ്ക്കുകയുമായിരുന്നു. കോണ്‍ഗ്രസ് ചോദിച്ചുവാങ്ങിയ ഈ കര്‍ഷക വിരുദ്ധ വിധിയെ മറികടക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2023 സെപ്റ്റംബര്‍ 14ന് ഭൂ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ച് പാസാക്കിയത്. ബില്‍ പാസാക്കിയെങ്കിലും ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കാന്‍ ജില്ലയില്‍ നിന്നുള്ള ചില അരാഷ്ട്രീയ സംഘടനകളും യുഡിഎഫും ശ്രമിച്ചെന്നും നേതാക്കള്‍ പറഞ്ഞു. നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിന്റെ പകര്‍പ്പ് കലക്ട്രേറ്റ് പടിക്കല്‍ കത്തിച്ചത് ജില്ലയിലെ ഏക യുഡിഎഫ് എംഎല്‍എ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലാണ്. ഒരു വര്‍ഷത്തിനുശേഷം എല്‍ഡിഎഫ് നടത്തിയ നിരന്തര പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടത്. നിയമ ഭേദഗതികളിലൂടെ പതിച്ചുനല്‍കിയ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള ചട്ട വിരുദ്ധ നിര്‍മിതികള്‍ ക്രമവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ അധികാരം നല്‍കി ഇത് നടപ്പാക്കാന്‍ 7 ഒ എ പ്രകാരം ചട്ടങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. പതിച്ചുകിട്ടിയ ഭൂമിയില്‍ ജീവനോപാധികള്‍ക്കുവേണ്ടി വാണിജ്യ നിര്‍മാണങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്നതിനും ഭൂനിയമ ഭേദഗതി സര്‍ക്കാരിന് അധികാരം നല്‍കി. ഇത് നടപ്പാക്കുന്നതിനുവേണ്ടി 7 ഒ ബി പ്രകാരം ചട്ടങ്ങള്‍ ഉടന്‍തന്നെ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പട്ടയ വ്യവസ്ഥകള്‍ അനുസരിച്ച് നിയമവിധേയമായി നിര്‍മിച്ച ഒരു വീടുകളെയും പുതിയ ചട്ടം ബാധിക്കില്ല. 1964ലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ മാത്രമാണ് ക്രമവല്‍ക്കരിക്കേണ്ടി വരുന്നത്. 3000 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമാണ് കോമ്പൗണ്ടിങ് ഫീസ് ബാധകമാകുന്നത്. ഇക്കാര്യത്തിലും എല്ലാ സംഘടനകളുടെയും അഭിപ്രായങ്ങള്‍ സബ്ജക്ട് കമ്മിറ്റി പരിഗണിച്ചുവരികയാണ്. കഴിഞ്ഞ ആഗസ്റ്റ് 27ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗം അംഗീകരിച്ച 1964 ലെ ഭൂ പതിവ് ഭേദഗതി ചട്ടം ജില്ലയിലെ സാധാരണക്കാരുടെ നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം ഉറപ്പുവരുത്തുന്നതാണ്. ജില്ലയിലെ ജനജീവിതത്തോടൊപ്പം നില്‍ക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും പ്രയോജനം ലഭിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കാന്‍ അരാഷ്ട്രീയവാദികളും നിക്ഷിപ്ത താല്‍പര്യക്കാരും യുഡിഎഫും നടത്തുന്ന ഗൂഢനീക്കങ്ങള്‍ ജനം തിരിച്ചറിയണമെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലയിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവ് നടത്തുന്ന കോണ്‍ഗ്രസും ബിജെപിയും കപട പരിസ്ഥിതി സംഘടനകളും അരാഷ്ട്രീയവാദികളും ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന കെട്ടിട നിര്‍മാണങ്ങള്‍ക്കുള്ള നിയമ സാധൂകരണമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇക്കാര്യത്തില്‍ രാഷ്ട്രീയമായി ഇടതുപക്ഷ മുന്നണിക്ക് ഉണ്ടാകുന്ന ജനപ്രീതിയില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നടത്തുന്ന ജല്‍പനങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും സംയുക്ത കര്‍ഷക നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത കര്‍ഷക സമിതി ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, കണ്‍വീനര്‍ റോമിയോ സെബാസ്റ്റ്യന്‍, നേതാക്കളായ ജോയി വടക്കേടത്ത്, ബിജു ഐക്കര, മാത്യു ജോര്‍ജ്ജ്, കെ. എന്‍ വിനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






