വന്യജീവി ആക്രമണം; സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കരട് ബില്ല് മലയോര മേഖലയ്ക്ക് ആശ്വാസം - കേരള കര്‍ഷക സംഘം

വന്യജീവി ആക്രമണം; സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കരട് ബില്ല് മലയോര മേഖലയ്ക്ക് ആശ്വാസം - കേരള കര്‍ഷക സംഘം

Sep 15, 2025 - 16:59
 0
വന്യജീവി ആക്രമണം; സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കരട് ബില്ല് മലയോര മേഖലയ്ക്ക് ആശ്വാസം - കേരള കര്‍ഷക സംഘം
This is the title of the web page

ഇടുക്കി: വന്യജീവി സംരക്ഷണ നിയമം (കേരളം) ഭേദഗതിയുടെ കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ മലയോര കര്‍ഷകരുടെ ഏറ്റവും വലിയ പ്രശ്നത്തിനാണ് പരിഹാരമായതെന്ന് കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍. ജനവാസമേഖലയില്‍ ഇറങ്ങുന്ന ഏതെങ്കിലും വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചാല്‍ ഉടന്‍ തന്നെ മൃഗത്തെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന നിയമമാണിത്. എന്നാല്‍ നിലവില്‍ കേന്ദ്രനിയമത്തിന്റെ സെക്ഷന്‍ 11 (1 എ)യും 11 (1 ബി)യും അനുസരിച്ച് മൃഗങ്ങളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്ന് പ്രചരിപ്പിക്കുകയാണ് എംപി ഡീന്‍ കുര്യാക്കോസ്. എല്‍ഡിഎഫിനെ എതിര്‍ക്കുന്നതിന് അജ്ഞത അലങ്കാരമാക്കുകയാണ് എംപിയെന്ന് കര്‍ഷക സംഘം ആരോപിച്ചു. ഇപ്പോള്‍ നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസിജീയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തരനടപടി സ്വീകരിക്കാന്‍ ഈ ബില്ലിലെ സാധിക്കും. എന്നാല്‍ സംരക്ഷിക്കപ്പെടേണ്ട ജീവികളെ സംരക്ഷിക്കുന്നതിന് നിയമപ്രകാരം തടസമുണ്ടാകില്ല. പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചാല്‍ അവയുടെ ജനനനിയന്ത്രണം നടത്തല്‍, മറ്റ് സ്ഥലങ്ങളിലേക്ക് നാടുകടത്തല്‍ എന്നിവക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും പാലിക്കേണ്ട. അതുപോലെതന്നെ പട്ടിക രണ്ടിലെ വന്യമൃഗത്തിന്റെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചാല്‍ അവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരം. എന്നാല്‍ ഈ ബില്ലിലൂടെ സംസ്ഥാന സര്‍ക്കാരിന് അധികാരം ലഭ്യമാകും. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇവയെ ആര്‍ക്കുവേണെമെങ്കിലും ഏതുവിധത്തിലും കൊല്ലുന്നതിനും അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസമുണ്ടാകില്ല. നാടന്‍ കുരങ്ങുകളെ പട്ടിക ഒന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റുന്നതിനും വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ മന്ത്രിസഭ അംഗീകരിച്ച ബില്ല് ഗവര്‍ണര്‍ മുഖാന്തരം രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കും. ഈ വിഷയത്തില്‍ ഇന്ത്യയിലാദ്യമായി കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ബില്ല് അവതരിപ്പിച്ച സംസ്ഥാനം കേരളമാണ്. നിലവില്‍ കേന്ദ്രനിയമത്തിന്റെ സെക്ഷന്‍ പ്രകാരം മൃഗങ്ങളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്ന് പ്രചരിപ്പിക്കുകയാണ് എംപി. ഇപ്പോഴത്തെ കേന്ദ്രനിയമത്തിലെ ഓപ്പറേറ്റിങ് പ്രൊസീജിയര്‍ കോഡ് പ്രകാരം ഒരു വന്യമൃഗത്തെയും കൊല്ലാന്‍ ഇന്ത്യയിലൊരിടത്തും കഴിയില്ല. കേന്ദ്ര നിയമത്തിലെ 11 (1 എ) വ്യവസ്ഥകള്‍ പ്രകാരം അപകടകാരിയായ വന്യമൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടുന്നതിനുമുമ്പ് വന്യജീവികളെ തടവില്‍ പാര്‍പ്പിക്കാനോ മയക്കുവെടി വയക്കുന്നതിനോ സാധ്യമല്ലെന്ന് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട് വേണം. 2018 നവംബര്‍ 2ന് മഹാരാഷ്ട്രയിലെ പണ്ടര്‍കൗഡയില്‍ 13 പേരെ കടിച്ചുകൊന്ന അവനി എന്ന പെണ്‍കടുവയെ കൊല്ലാന്‍ മഹാരാഷ്ട്ര ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. ഒരാളുടെ ശരീരത്തിന്റെ 60ശതമാനവും കടുവ ഭക്ഷിച്ചുവെന്ന് കണ്ടതിനെതുടര്‍ന്നാണ് ഉത്തരവിറക്കിയത്. കേസ് പരിഗണിച്ച മഹാരാഷ്ട്ര ഹൈക്കോടതി കടുവ നരഭോജി ആണെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ചോദിക്കുകയും ഉത്തരവിട്ട വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെയും വെടിവെച്ച ആള്‍ക്കെതിരെയുമുള്ള കേസ് ഇപ്പോഴും തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്ലിന് കേന്ദ്രാനുമതി വാങ്ങാന്‍ മുമ്പില്‍ നില്‍ക്കേണ്ട ഇടുക്കി എംപി ബില്ലിനെതിരെ സംസാരിക്കുന്നത് രാഷ്ട്രീയ കോമാളിത്തമായേ ഇടുക്കിയിലെ കര്‍ഷകര്‍ വിലയിരുത്തുകയുള്ളൂ. ബില്ലിലെ വ്യവസ്ഥകളോട് എംപി ക്കും യുഡിഎഫിനും വിയോജിപ്പുണ്ടോയെന്ന് അവര്‍ വ്യക്തമാക്കണം. സ്വയരക്ഷയ്ക്ക് വെടിവെക്കുന്നത് എപ്പോഴും കയ്യില്‍ തോക്കുമായി നടക്കുന്നവരല്ല മലയോര കര്‍ഷകര്‍ എന്നെങ്കിലും എംപി മനസിലാക്കണം. കേന്ദ്രനിയമ ഭേദഗതിക്കുവേണ്ടി പാര്‍ലമെന്റില്‍ ഒന്നും മിണ്ടാതെ വന്യജീവി ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചതുമൂലമാണെന്ന് കര്‍ഷകര്‍ തിരിച്ചറിയുമെന്നും നേതാക്കള്‍ പറഞ്ഞു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ്, കട്ടപ്പന ഏരിയ സെക്രട്ടറി കെ എന്‍ വിനീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow