കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് അപകടം: ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍
കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് അപകടം: ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് അപകടത്തില്‍പെട്ട സംഭവത്തില്‍ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. അടിമാലി സ്വദേശി കെ പി മുഹമ്മദിനെയാണ് കെഎസ്ആര്‍ടിസി എംഡി സസ്‌പെന്‍ഡ് ചെയ്തത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശേഷം വകുപ്പിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരാതി നല്‍കിയെന്ന് കണ്ടെത്തിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. കഴിഞ്ഞ 12ന് വൈകിട്ടാണ് 45 സഞ്ചാരികളുമായി സൈറ്റ് സീന്‍ സര്‍വീസിന് ശേഷം മടങ്ങുന്നതിനിടെ ദേവികുളം ഇരച്ചില്‍ പാറയില്‍വച്ച് ബസ് അപകടത്തില്‍പെട്ടത്. പ്രദേശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ച ശേഷം വാഹനം പാതയോരത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ സംഭവിച്ചില്ലെങ്കിലും വാഹനത്തിന് കേടുപാടുകള്‍ പറ്റിയിരുന്നു.
അമിത വേഗത്തില്‍ ദിശതെറ്റിച്ച് എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നായിരുന്നു ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നത്. ഇതിന് അനുകൂലമായി അടിമാലി സ്വദേശിയായ കാര്‍ ഡ്രൈവര്‍ തന്റെ കുഴപ്പമാണെന്ന് കാട്ടി പൊലീസിലും മൊഴി നല്‍കിയിരുന്നു. എന്നാല്‍ പൊലീസും വകുപ്പ് അധികൃതരും സംഭവസ്ഥലത്തെ നിരീക്ഷണ ക്യാമറ ഉള്‍പ്പെടെ പരിശോധിച്ചതില്‍നിന്ന് ബസ് ഡ്രൈവര്‍ സ്വയം രക്ഷപ്പെടാനായി കഥകള്‍ മെനഞ്ഞതായി കണ്ടെത്തുകയും അപകടം വരുത്തിവച്ചതാണെന്നു കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.
What's Your Reaction?






