തടിയമ്പാട് പാലം നിര്‍മാണം ഉടന്‍ ആരംഭിക്കും
തടിയമ്പാട് പാലം നിര്‍മാണം ഉടന്‍ ആരംഭിക്കും

ഇടുക്കി: വാഴത്തോപ്പ്- മരിയാപുരം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ തടിയമ്പാട് പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 223 മീറ്റര്‍ നീളമുള്ള തടിയമ്പാട് പാലം ജില്ലയിലെ തന്നെ പെരിയാറിന് കുറുകെയുള്ള ഏറ്റവും വലിയ പാലമാണ്. കേന്ദ്രസര്‍ക്കാര്‍ സേതുബന്ധന്‍ പദ്ധതി പ്രകാരം 32 കോടി വകയിരുത്തിയാണ് നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാലം ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധി സ്യഷ്ടിച്ചിരുന്നു. പെരിയാറിന്റെ കുത്തൊഴുക്കില്‍ കേടുപാടുകള്‍ സംഭവിച്ച പാലത്തിന് 2018ലെ കാലവര്‍ഷക്കെടുതിയിലും വന്‍ നാശമാണ് ഉണ്ടായത്. പിന്നീട് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തി ഗതാഗതം തുടരുകയായിരുന്നു. മാറി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനത്തില്‍ കേടുപാടുകള്‍ സംഭവിക്കുന്നതിനാല്‍ പുതിയൊരു പാലം വേണമെന്നാവശ്യം നാട്ടുകാര്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സേതുബന്ധന്‍ പദ്ധതി പ്രകാരം എംപി ഡീന്‍ കുര്യാക്കോസിന്റെ പ്രത്യേക താല്‍പര്യത്തില്‍ പുതിയ പാലത്തിന്റെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചിരിക്കുന്നത്. വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച്് നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തീയാകുന്നതോടെ കാമാക്ഷി, ഇരട്ടയാര്‍ പഞ്ചായത്തുകളിലൂടെ കട്ടപ്പന, നെടുങ്കണ്ടം, കമ്പം മേഖലയിലേക്കും എറണാകുളത്തേക്കും ചരക്ക് വാഹനങ്ങള്‍ കടന്നുപോകുന്നതിനും സാധിക്കും. ഗതാഗതത്തോടൊപ്പം പ്രാദേശിക വികസനത്തിനും വിനോദ സഞ്ചാരത്തിനും പാലം വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
What's Your Reaction?






