ഭൂനിയമ ഭേദഗതി ചട്ടം: യുഡിഎഫ് പ്രതിഷേധ സംഗമവും റാലിയും 20ന് കട്ടപ്പനയില്‍
ഭൂനിയമ ഭേദഗതി ചട്ടം: യുഡിഎഫ് പ്രതിഷേധ സംഗമവും റാലിയും 20ന് കട്ടപ്പനയില്‍

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടത്തിലൂടെ ജനങ്ങളെ കൊള്ളയടിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി 20ന് ഉച്ചകഴിഞ്ഞ് 2ന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ പ്രതിഷേധ സംഗമവും നഗരത്തില്‍ റാലിയും നടത്തും. കൂടാതെ എല്ലാ മണ്ഡലം ആസ്ഥാനങ്ങളിലും 30വരെയുള്ള തീയതികളില്‍ പ്രതിഷേധ സദസ്സുകളും സംഘടിപ്പിക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അറിയിച്ചു. 6 വര്‍ഷംമുമ്പ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച നിര്‍മാണ നിരോധനം പിന്‍വലിക്കുന്നതിനുപകരം നിയമഭേദഗതി ചട്ടം നടപ്പാക്കുമ്പോള്‍ പ്രതിസന്ധി സങ്കീര്‍ണമാകും. എല്ലാ ചട്ടങ്ങളും പാലിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ ഫീസ് അടച്ച് ക്രമവല്‍ക്കരണം നടത്തണമെന്നും ഉടമസ്ഥതയുടെ സ്വഭാവം വിസ്തീര്‍ണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ പിഴയൊടുക്കണമെന്നും പറയുന്നതിന്റെ ന്യായം സര്‍ക്കാര്‍ സര്‍ക്കാര്‍ വ്യക്തമാക്കണം. നിര്‍മാണ നിയന്ത്രണം സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും ഇടുക്കിയില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയത് ജില്ലയോടുള്ള വിവേചനമാണ്. 2019 ആഗസ്റ്റ് 22ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ നിലവിലെ നിര്‍മിതികള്‍ നിയമവിരുദ്ധമാക്കി ഭാവിയിലെ നിര്‍മാണ അനുമതിക്ക് തടസം സൃഷ്ടിച്ചതും സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ യുഡിഎഫിനും കോടതിക്കും യാതൊരു പങ്കുമില്ല. സര്‍ക്കാര്‍ സൃഷ്ടിച്ച കുരുക്ക് അഴിക്കുന്നതിന് ജനം എന്തിന് ഫീസും പിഴയും നല്‍കണം. ഒരേ നിയമമനുസരിച്ച് രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും സമുദായങ്ങളും നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമപരവും വ്യക്തികളുടെ നിര്‍മിതികള്‍ നിയമവിരുദ്ധവുമാണെന്നും പറയുന്നത് വിവേചനമാണ്. വ്യാപാര, വാണിജ്യ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിക്ക് പിഴ ഈടാക്കണം എന്ന വ്യവസ്ഥ പാവപ്പെട്ടവന്റെ ഉപജീവനമാര്‍ഗം തടസപ്പെടുത്തി ഉദ്യോഗസ്ഥ പീഡനത്തിന് വഴിയൊരുക്കുകയാണ്. 1964ലെ ചട്ടമനുസരിച്ച് നല്‍കിയിട്ടുള്ള പട്ടയഭൂമിയില്‍ വാണിജ്യ നിര്‍മിതികള്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ലെങ്കില്‍ കെട്ടിട നിര്‍മാണ നിരോധനം നിലനില്‍ക്കുകയാണ്. അതുപോലെതന്നെ പുതിയ പട്ടയങ്ങള്‍ പഴയ വ്യവസ്ഥയില്‍ നല്‍കുമ്പോള്‍ നിര്‍മാണ നിരോധനവും ബാധകമാകുന്നുണ്ട്. ആറു വര്‍ഷത്തെ നിര്‍മാണ നിരോധനം മൂലം നിര്‍മാണ തൊഴിലാളികള്‍ തൊഴിലിനായി മറ്റ് ജില്ലകളെ ആശ്രയിച്ചു, കച്ചവടങ്ങള്‍ കുറഞ്ഞു, കെട്ടിടങ്ങളുടെ അഭാവം മൂലം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നില്ല, ഭൂമിയുടെ മൂല്യം കുറഞ്ഞു, മൂലധന നിക്ഷേപത്തിന് സംരംഭകറില്ല, നാടിന്റെ വികസനം മുരടിച്ചു. ചട്ടത്തില്‍ ഭൂമി കൃഷിക്കും വീട് നിര്‍മാണത്തിനും ഉപയോഗിക്കാമെന്ന വ്യവസ്ഥയോടൊപ്പം മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് ചേര്‍ക്കുകയും അതിന് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്താല്‍ നിലവിലെ നിര്‍മിതികളും നിയമപരമാകും. പുതിയ കെട്ടിട നിര്‍മാണാനുമതി നല്‍കുന്നതിനും പുതിയ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനും എന്തിനാണ് യാതൊരു അപാകതയുമില്ലാതിരുന്ന 1960ലെ നിയമം ഭേദഗതി ചെയ്തത്. ഭേദഗതിയിലൂടെയും അനുബന്ധ ചട്ട ഭേദഗതിയിലൂടെയും ജനങ്ങളെ കൊള്ളയടിക്കുന്നതിനും പീഡിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ കപട നീക്കങ്ങള്‍ക്കെതിരെ യൂഡിഎഫ് ജില്ലാ കമ്മിറ്റി 20ന് കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിക്കും. എല്ലാ മണ്ഡലം ആസ്ഥാനങ്ങളിലും യുഡിഎഫ് പ്രതിഷേധ സദസുകളും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ തോമസ് മൈക്കിള്‍, അഡ്വ. കെ ജെ ബെന്നി, സിജു ചക്കുംമുട്ടില്‍, അഡ്വ. തോമസ് പെരുമന, ജോജോ കുടക്കച്ചിറ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






