വനം-വന്യജീവി നിയമഭേദഗതി ബില്‍: ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യയെന്ന് ബിജെപി
വനം-വന്യജീവി നിയമഭേദഗതി ബില്‍: ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യയെന്ന് ബിജെപി
ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വനം-വന്യജീവി നിയമഭേദഗതി ബില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്. 1972-ലെ വന്യജീവി നിയമത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് പുതിയ നിയമത്തിലും പറയുന്നത്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ സംസ്ഥാനത്താകെ 1128 പേര്‍ക്കാണ് വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 9000 ത്തിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ജില്ലയില്‍ മാത്രം 100ലേറെ ആളുകള്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവിലുള്ള വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പൂര്‍ണ അധികാരം ഉണ്ടെന്നിരിക്കെ കഴിഞ്ഞ 9 വര്‍ഷക്കാലം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും കേന്ദ്രസര്‍ക്കാരിനേയും കുറ്റം പറഞ്ഞ് വന്യജീവി ആക്രമണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.ഈ നിയമത്തിലെ 11 (എ,ബി) വകുപ്പുകള്‍ അനുസരിച്ച് മനുഷ്യജീവനോ സ്വത്തിനോ ഭീഷണിയാകുന്ന വന്യമൃഗങ്ങളെ അവ ഷെഡ്യൂള്‍-11ല്‍ ഉള്‍പ്പെടുന്നവയാണെങ്കില്‍ വേട്ടയാടാന്‍ അനുമതി നല്‍കാന്‍ വാര്‍ഡന് സാധിക്കും. എന്നിട്ടും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശാശ്വതമായ ഒരു നടപടിയും സ്വീകരിച്ചില്ല. ജനവാസ മേഖലയും വനവും തമ്മില്‍ വേര്‍തിരിച്ച് കൃത്യമായ സംരക്ഷണ വേലികള്‍ ഒരുക്കുവാനോ വന്യജീവികള്‍ക്ക് ആവശ്യമായ ആവാസവ്യവസ്ഥകള്‍ ഒരുക്കുവാനോ, ഉള്ളത് സംരക്ഷിക്കുവാനോ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനായി കേന്ദ്രം അനുവദിച്ച ഫണ്ടുകള്‍ കൃത്യമായി ഉപയോഗിക്കാത്ത സംസ്ഥാന സര്‍ക്കാരിന് ഇങ്ങനെ ഒരു നിയമം ഉണ്ടാക്കി പ്രശ്ന പരിഹാരം സാധ്യമായിരുന്നെങ്കില്‍ എന്തുകൊണ്ട് കഴിഞ്ഞ 9 വര്‍ഷക്കാലം മൗനം പാലിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാലയളവില്‍ നഷ്ടപ്പെട്ട മനുഷ്യജീവനുകളെ സംബന്ധിച്ച് എന്ത് മറുപടിയാണ് സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട കുടുംബങ്ങളോടും ജില്ലയിലെ പൊതുസമൂഹത്തോടും സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണം. ഒരു ദൈവത്തിലും വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ ആഗോള അയ്യപ്പസംഗമം നടത്തുന്നത് വിശ്വാസികളുടെ വോട്ട് തട്ടാനാണ്. ജില്ലയിലെ ഭൂനിയമ ദേദഗതിയുടെയും ചട്ടങ്ങളുടെയും മറവില്‍ ക്രമവല്‍ക്കരണം എന്ന പേരില്‍ നാളിതുവരെയുള്ള നിര്‍മിതികളെല്ലാം അനധികൃതമാണെന്ന് വരുത്തിതീര്‍ത്ത് ആ പേരില്‍ ജനങ്ങളെ കൊള്ളയടിച്ച് പണം കണ്ടെത്താനും, വോട്ട് ബാങ്ക് ഉറപ്പിക്കാനും, വന്യജീവി നിയമഭേദഗതിയുടെ പേരില്‍ മലയോര കര്‍ഷകരെ കബളിപ്പിച്ച് വോട്ട് നേടിയെടുക്കുവാനുമാണ് ശ്രമിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ തുറന്നുകാട്ടി ജനങ്ങളോടൊപ്പം നിന്ന് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സൗത്ത് ജില്ലാ പ്രസിഡന്റ്‌റ് വി സി വര്‍ഗീസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രതീഷ് വരകുമല, അഡ്വ. സുജിത്ത് ശശി എന്നിവരും പങ്കെടുത്തു.
What's Your Reaction?

