പ്രഥമ കെ സി ജോർജ് നാടക പ്രതിഭാ പുരസ്കാരം നാടകകൃത്ത് എം ജെ ആൻ്റണിക്ക്
പ്രഥമ കെ സി ജോർജ് നാടക പ്രതിഭാ പുരസ്കാരം നാടകകൃത്ത് എം ജെ ആൻ്റണിക്ക്

ഇടുക്കി: പ്രഥമ കെ സി ജോർജ് നാടക പ്രതിഭാ പുരസ്കാരം നാടക കൃത്ത് എം ജെ ആൻ്റണിക്ക് ലഭിച്ചു. രണ്ട് തവണ മികച്ച നാടക കൃത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കെ സി ജോർജിൻ്റെ സ്മരണക്കായി കെ സി സൗഹൃദ കൂട്ടായ്മയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. കെ സിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കട്ടപ്പന സി എസ് ഐ ഗാർഡനിൽ നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് പ്രശസ്ത നാടക സിനിമ നടൻ പ്രമോദ് വെളിയനാട് പുരസ്കാരം സമർപ്പിക്കും.
1973- ൽ ചങ്ങനാശേരി എസ് ബി കോളേജിൽ പഠിക്കുമ്പോൾ എഴുതിയ ബന്ധനം എന്ന നാടത്തിലൂടെയാണ് കട്ടപ്പന സ്വദേശി എം ജെ ആൻ്റണി നാടക രചനക്ക് തുടക്കം കുറിച്ചത്.
ഇന്ത്യൻ ഡ്രാമാസ്കോപ്പിനു വേണ്ടി പാപ്പനംകോട് ലക്ഷ്മണൻ സംവിധാനം ചെയ്ത സൂര്യകാലടി എന്ന നാടകത്തിലൂടെ മലയാള നാടക രംഗത്ത് ശ്രദ്ധേയനായി. 1977 ൽ തിരുവനന്തപുരം കെസ്ക ക്ക് വേണ്ടി എഴുതിയ അമ്പലം എന്ന നാടകം സംവിധാനം ചെയ്തത് തിലകനായിരുന്നു.
തുടർന്ന് ചങ്ങനാശേരി ദർശന ആർട്ട്സ് സെൻ്ററിൻ്റെ ബന്ധനം, ഇരട്ടയാർ സിവൈഎം എൽ ൻ്റെ രാജ്യം ശക്തി മഹത്വം, പലായനം കട്ടപ്പന ഹൈസയുടെ ബലിമുഹൂർത്തം, സർഗ്ഗചേതനയുടെ തിരിച്ചറിവിൻ്റെ വൃക്ഷം തുടങ്ങിയ നാടകങ്ങൾ രചിച്ചു.
സ്വർഗ്ഗത്തിൽ ഒരു വിവാഹം, ഇസ്രായേലിൻ്റെ മുത്ത് എന്നീ നാടകങ്ങൾക്ക് 2010, 2012 വർഷങ്ങളിൽ മികച്ച നാടക രചനയ്ക്കുള്ള കെസിബിസി അവാർഡ് ലഭിച്ചു.
കല്ലേറ്ദൂരം, തേനൊഴുകും ദേശം എന്നീ ഭക്തിഗാന ആൽബങ്ങളുടെ രചനയും നിർവ്വഹിച്ചിട്ടുണ്ട്.
2022-ൽ ഗുരുത്വം എന്ന നാടകം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു.
കെ എസ് ആർ ടി സി യിൽ ജീവനക്കാരനായിരുന്ന എം ജെ ആൻ്റണി 2005 ൽ സർവ്വീസിൽ നിന്ന് വിരമിച്ചു. ഭാര്യ മേരിക്കുട്ടി. ജയൻ, ദേവൻ, ഉണ്ണി എന്നിവരാണ് മക്കൾ.
ഇ ജെ ജോസഫ്, ജി കെ പന്നാംകുഴി,എം സി ബോബൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പുരസ്കാര നിർണയ കമ്മിറ്റി ചെയർമാൻ ഇ ജെ ജോസഫ്, ജി കെ പന്നാംകുഴി , സംഘാടക സമിതി ഭാരവാഹികളായ എം സി ബോബൻ, സിജു ചക്കുംമൂട്ടിൽ,അഡ്വ: വി എസ് ദീപു,ജയ്ബി ജോസഫ്,സിജോ എവറസ്റ്റ്, ഫീലിപ്പോസ് വാഴയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
What's Your Reaction?






