ഷൂട്ടിങ് ലൊക്കേഷനിലെ മാലിന്യം റോഡരികില്‍ തള്ളി: 50000 രൂപ പിഴ ചുമത്തി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്
ഷൂട്ടിങ് ലൊക്കേഷനിലെ മാലിന്യം റോഡരികില്‍ തള്ളി: 50000 രൂപ പിഴ ചുമത്തി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള മാലിന്യങ്ങള്‍ അനധികൃതമായി റോഡരികില്‍ തള്ളിയ വണ്ടി പിടിച്ചെടുത്ത് 50000 രൂപ പിഴ ചുമത്തി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാറിന്റെ പരിസരപ്രദേശങ്ങളില്‍ നടക്കുന്ന സിനിമ ഷൂട്ടിങ്ങിന് എത്തിയ വാഹനത്തിലാണ് ഭക്ഷണം അടക്കമുള്ള മാലിന്യങ്ങള്‍ സ്‌കൂളിന് താഴ്‌വശത്തായുള്ള തേയിലക്കാട്ടിലേക്ക് തള്ളിയത്. ഈ സമയം ഇതുവഴി കടന്നുപോയ ടാക്‌സി ഡ്രൈവര്‍മാര്‍ മാലിന്യം തള്ളുന്നത് കാണുകയും പഞ്ചായത്തില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാഹനം പിടിച്ചെടുത്തു. വാഹനം എറണാകുളം പാലാരിവട്ടം സ്വദേശി ജനറ്റ് രാജീവിന്റെ പേരിലുള്ളതാണ്. ഡ്രൈവറായ എറണാകുളം സ്വദേശി എംസി വില്‍സണും പാമ്പനാര്‍ സ്വദേശികളായ മൂന്ന് തൊഴിലാളികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. സംസ്ഥാന വ്യാപകമായി മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിനിടെയാണ് ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് ഭക്ഷണ മാലിന്യങ്ങള്‍ വാഹനത്തിലെത്തിച്ച് റോഡരികില്‍ തള്ളിയത്. പഞ്ചായത്ത് സെക്രട്ടറി ബിജോയ്, മറ്റ് ഉദ്യോഗസ്ഥരായ ജിജോമോന്‍, രഞ്ചിത്ത്, പികെ ഗോപിനാഥന്‍, ഡ്രൈവര്‍മാരായ ബൈജു ചെറിയാന്‍, സജി ജേക്കബ്, സജീവ്, അശ്വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.
What's Your Reaction?






