ഭൂനിയമ ഭേദഗതി ചട്ടത്തിനെതിരെ കേരള കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും 30ന് ചെറുതോണിയില്‍
ഭൂനിയമ ഭേദഗതി ചട്ടത്തിനെതിരെ കേരള കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും 30ന് ചെറുതോണിയില്‍

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂനിയമ ഭേദഗതി ചട്ടത്തിനെതിരെ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി 30ന് ഉച്ചകഴിഞ്ഞ് 3ന് ചെറുതോണിയില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, സംസ്ഥാന, ജില്ലാ നേതാക്കള്‍ എന്നിവര്‍ സംസാരിക്കും.
ഭൂനിയമ ഭേദഗതി നിയമവും ചട്ടവും ജനങ്ങളെ ആശങ്കയിലാക്കുന്നു. 2019 മുതല്‍ ജില്ലയില്‍ നിലനില്‍ക്കുന്ന കെട്ടിട നിര്‍മാണ നിരോധനം അതേപടി തുടരുകയാണ്. നിര്‍മാണങ്ങള്‍ പിഴയടച്ച് ക്രമവല്‍ക്കരിക്കണമെന്നാണ് ചട്ടം. ജനത്തെ കൊള്ളയടിക്കുന്ന കരിനിയമം പിന്‍വലിക്കണം.
നിയമം പാലിച്ച് നിര്‍മിച്ചതും നികുതി അടച്ചുവരുന്നതുമായ കെട്ടിടങ്ങള്‍ ഇടുക്കിയില്‍ മാത്രം ഫീസ് അടച്ച് ക്രമവല്‍ക്കരിക്കണമെന്നും പിഴയടക്കണമെന്നും പറയുന്നതിലെ ന്യായം സര്‍ക്കാര്‍ വ്യക്തമാക്കണം. ഹൈറേഞ്ചിലെ വാണിജ്യ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വില ഈചട്ടം മൂലം കൃഷിഭൂമിയുടെ വിലയിലേക്ക് താഴും. ആളുകള്‍ക്കു ഭൂമി വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ കഴിയില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. തോമസ് പെരുമന, ഫിലിപ്പ് മലയാറ്റ്, സാജു പട്ടരുമഠം, ജോയി കുടക്കച്ചിറ എന്നിവരും പങ്കെടുത്തു.
What's Your Reaction?






