നൂറ്റാണ്ടിന്റെ അക്ഷരപ്പെരുമ: മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി നിറവില്‍
നൂറ്റാണ്ടിന്റെ അക്ഷരപ്പെരുമ: മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി നിറവില്‍

ഇടുക്കി: മൂന്നാറിലെ ആദ്യ വിദ്യാലയമായ മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി നിറവില്‍. മുതിരപ്പുഴയാറിന്റെ തീരത്ത് മൂന്നാര്‍ ടൗണിന്റെ നടുവില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ നൂറാം പിറന്നാള്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന രീതിയില്‍ വിപുലമായി ആഘോഷിക്കാനാണ് തീരുമാനം. മൂന്നാര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയം 1926ല്‍ കണ്ണന്‍ ദേവന്‍ കമ്പനി ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്ന പേരിലാണ് ആരംഭിച്ചത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനും കൊച്ചി- മൂന്നാര്‍ റോഡിനും ഇടയില്‍ സ്ഥിതിചെയ്തിരുന്ന ബഹുനില തേയില ഫാക്ടറി കെട്ടിടത്തില്‍ സ്‌കൂള്‍ തുറന്നു. 1924ലെ മഹാപ്രളയത്തില്‍ പ്രവര്‍ത്തനം നിലച്ച ഫാക്ടറിയാണ് അന്ന് വിട്ടുനല്‍കിയത്. 1955ല്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. തിരുവിതാംകൂര്‍ ഭരണകാലത്തെ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ വി ഐ തോമസിന്റെ മകന്‍ ജോണ്‍ തോമസായിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 1955ല്‍ ഹൈസ്‌കൂളും തമിഴ് പ്രൈമറി സ്‌കൂളും തിരുകൊച്ചി സര്‍ക്കാര്‍ ഏറ്റെടുത്തു.
നിലവില്‍ കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട സ്‌കൂളില്‍ ഇംഗ്ലീഷ്, തമിഴ്, മലയാളം മീഡിയങ്ങളില്‍ 5 മുതല്‍ പ്ലസ്ടു ക്ലാസുകളിലായി 680 വിദ്യാര്‍ഥികളും 47 ജീവനക്കാരുമുണ്ട്. കൂടാതെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും ടിടിഐയും ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആന്‍ഡ് ടിടിഐയും ചേര്‍ന്ന് മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി നിലകൊള്ളുന്നു. ടിടിഐയില്‍ 44 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണുള്ളത്. നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന സ്‌കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും.
What's Your Reaction?






