മാന്‍ഹോള്‍ അപകടം: ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ കട്ടപ്പന നഗരം
മാന്‍ഹോള്‍ അപകടം: ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ കട്ടപ്പന നഗരം

ഇടുക്കി: ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മാന്‍ഹോളില്‍ കുടുങ്ങി ശ്വാസംകിട്ടാതെ 3 തമിഴ്‌നാട് സ്വദേശികള്‍ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് കട്ടപ്പന നഗരം. തൊഴിലാളികള്‍ കുടുങ്ങിയ വിവരമറിഞ്ഞ് പാഞ്ഞെത്തിയ കട്ടപ്പന അഗ്നിരക്ഷാസേനയും കട്ടപ്പന പൊലീസും ഓടിക്കൂടിയ നാട്ടുകാരുംചേര്‍ന്ന് ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ മൂവരെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. തമിഴ്‌നാട് കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദരപാണ്ഡ്യന്‍(34), കാവാസ്‌കര്‍(മൈക്കിള്‍ 23) എന്നിവര്‍ക്കാണ് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി 10ഓടെയാണ് അപകടം. ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ജയരാമന്‍ കരാര്‍ എടുത്തിരുന്നു. ജയരാമനും 5 തൊഴിലാളികളുംചേര്‍ന്ന് മാലിന്യം നീക്കുന്നതിനിടെയാണ് ദാരുണസംഭവം. മൈക്കിളാണ് മാന്‍ഹോളിലൂടെ മാലിന്യ ടാങ്കിലേക്ക് ആദ്യംഇറങ്ങിയത്. ഇദ്ദേഹം ടാങ്കിനുള്ളില്‍ കുടുങ്ങിയെന്ന് മനസിലാക്കിയതോടെ സുന്ദര പാണ്ഡ്യന്‍ രക്ഷിക്കാന്‍ ഇറങ്ങി. രണ്ടുപേരും ബോധരഹിതനായി ഉള്ളിലേക്ക് വീണതോടെ ജയരാമനും ടാങ്കിലേക്ക് ഇറങ്ങി. ഓക്‌സിജന്റെ അളവ് തീരെ കുറവുള്ള ടാങ്കില്‍ മൂന്നുപേരും അകപ്പെട്ടു. ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന മാന്‍ഹോളിലൂടെ ടാങ്കിലേക്ക് ഇറങ്ങാന്‍ നടത്തിയ ശ്രമം വിഫലമായതോടെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണ് നീക്കി കോണ്‍ക്രീറ്റ് സ്ലാബ് പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡീന്‍ കുര്യാക്കോസ് എംപി ആശുപത്രിയിലെത്തി മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു.
What's Your Reaction?






