ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ: പൂജ അവധി ആഘോഷിക്കാന്‍ സഞ്ചാരികള്‍ കൂട്ടത്തോടെ മൂന്നാറിലേയ്ക്ക്
ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ: പൂജ അവധി ആഘോഷിക്കാന്‍ സഞ്ചാരികള്‍ കൂട്ടത്തോടെ മൂന്നാറിലേയ്ക്ക്

ഇടുക്കി: പൂജാവധി ആഘോഷിക്കുന്നതിനായി മൂന്നാറിലേക്ക് സഞ്ചാരികളുടെ വന്‍ തിരക്ക്. ശനിയാഴ്ച മുതലാണ് അവധിയാഘോഷിക്കുന്നതിനായി സഞ്ചാരികള്‍ കൂടുതലായി എത്തിതുടങ്ങിയത്. ഓണക്കാലത്ത് തുടര്‍ച്ചയായി പെയ്ത മഴ വിനോദ സഞ്ചാരമേഖലയെ പിറകോട്ട് അടിച്ചെങ്കിലും പൂജാവധിയുടെ തിരക്ക് പോയ ദിവസങ്ങളിലെ നഷ്ടം നികത്തുമെന്നാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ. മൂന്നാറുമായി ചേര്‍ന്നുകിടക്കുന്ന മാങ്കുളം, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട തുടങ്ങിയ പ്രദേശങ്ങളിലേക്കും സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്. വ്യാപാര മേഖലയിലും സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സ്പൈസസുകളിലും ബോട്ടിങ് കേന്ദ്രങ്ങളിലുമെല്ലാം സഞ്ചാരികളുടെ തിരക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഹോംസ്റ്റേ, റിസോര്‍ട്ട്, ഹോട്ടലുകള്‍ എന്നിവയെല്ലാം സഞ്ചാരികള്‍ മുമ്പെ ബുക്ക് ചെയ്തിരിക്കുകയാണ്. സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ ദേശീയപാത 85ലും മറയൂര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാനപാതയിലും ഗതാഗതകുരുക്കും വര്‍ധിച്ചു. തദ്ദേശീയ വിനോദ സഞ്ചാരികള്‍ക്ക് പുറമെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്. പൂജാവധി ആഘോഷങ്ങള്‍ക്ക് ശേഷം ദീപാവലി ആഘോഷവും തൊട്ടുപിറകെ പുതുവത്സരാഘോഷങ്ങള്‍ കൂടി എത്തുന്നതോടെ വിനോദസഞ്ചാര മേഖല കൂടുതല്‍ സജീവമാകും.
What's Your Reaction?






