കട്ടപ്പനയിലെ മാന്‍ഹോള്‍ അപകടം കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി
കട്ടപ്പനയിലെ മാന്‍ഹോള്‍ അപകടം കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി

ഇടുക്കി: കട്ടപ്പനയിലെ മാന്‍ഹോള്‍ അപകടം കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ. അന്വേഷണം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കട്ടപ്പന നഗരസഭ സെക്രട്ടറിക്കും തദ്ദേശഭരണ വകുപ്പ് ജോയിന്റ്് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. നിര്‍മാണത്തില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകും. കട്ടപ്പനയില്‍ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തമിഴ്‌നാട് കമ്പം സ്വദേശിയായ ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദര പാണ്ഡ്യന്‍, മൈക്കിള്‍ എന്നിവര്‍ അപകടത്തില്‍ മരിച്ചത്. മരണകാരണം വിഷ വാതകം ശ്വസിച്ചാണെന്ന് കണ്ടെത്തിയെങ്കിലും ഏത് വാതകമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജയരാമന്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനായി കരാര്‍ ഏറ്റെടുക്കുകയും ജയരാമനും 5 തൊഴിലാളികളും ചേര്‍ന്ന് മാലിന്യം നീക്കാന്‍ ടാങ്കില്‍ ഇറങ്ങിയപ്പോഴാണ് അപകടം. മൈക്കിള്‍ ആദ്യം മാലിന്യ ടാങ്കിലേക്ക് ഇറങ്ങുകയും ഇയാള്‍ ടാങ്കിനുള്ളില്‍ കുടുങ്ങിയെന്ന് മനസിലാക്കിയതോടെ രക്ഷിക്കാന്‍ ഇറങ്ങിയതാണ് സുന്ദരപാണ്ഡ്യന്‍. രണ്ടു പേരും ബോധംകെട്ട് വീണതോടെ ജയരാമന്‍ ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. ഓക്‌സിജന്റെ അളവ് തീരെ കുറവുള്ള ടാങ്കില്‍ മൂന്നുപേരും പെട്ടുപോകുകയായിരുന്നു. ഇവരെ കാണാതായതോടെ സമീപവാസികളും ഹോട്ടല്‍ ഉടമസ്ഥരും പരിശോധന നടത്തിയെങ്കിലും യാതൊരുവിവരവും ഇല്ലാതായതോടെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ മൂവരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
What's Your Reaction?






