ഊരുത്സവം കഴിഞ്ഞിട്ട് 3 മാസം: ചെലവഴിച്ച തുക ലഭിക്കാതെ പ്രതിസന്ധിയില്‍ ഊരുമൂപ്പന്‍മാര്‍
ഊരുത്സവം കഴിഞ്ഞിട്ട് 3 മാസം: ചെലവഴിച്ച തുക ലഭിക്കാതെ പ്രതിസന്ധിയില്‍ ഊരുമൂപ്പന്‍മാര്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ ഗോത്രവര്‍ഗ ഉന്നതികളിലെ ഊരുത്സവം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പട്ടികവര്‍ഗ വികസന വകുപ്പ് ചെലവഴിച്ച തുക കൈമാറിയിട്ടില്ലെന്ന് പരാതി. വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂലായ് 7 മുതലാണ് ജില്ലയിലെ ഓരോ ഊരുകളിലും ഊരുത്സവം സംഘടിപ്പിച്ചത്. ഉന്നതിയുടെ വികസന ചര്‍ച്ച, തനത് കലാരൂപങ്ങളുടെ അവതരണം, എന്നിവ സംഘടിപ്പിച്ചിരുന്നു. ഉത്സവം നടത്തുന്നതിന് മറ്റുള്ളവരില്‍നിന്ന് സംഭാവന സ്വീകരിക്കരുതെന്നും ചെലവഴിക്കുന്ന തുക പട്ടികവര്‍ഗ വകുപ്പ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതനുസരിച്ച് ഊര് മുപ്പന്‍മാര്‍ കടംവാങ്ങിയും സ്വര്‍ണം പണയപ്പെടുത്തിയും 6000 രൂപ മുതല്‍ 30000 രൂപവരെ ചെലവഴിച്ചാണ് ഉത്സവം നടത്തിയത്. എന്നാല്‍ കണക്കുകള്‍ നല്‍കി 3 മാസം കഴിഞ്ഞിട്ടും ചെലവായ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉന്നതികളില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ് ചെലവഴിച്ച ഫണ്ട് കിട്ടാത്തതിന് കാരണമെന്ന് ഊരുമൂപ്പന്‍മാര്‍ പറയുന്നത്. എന്നാല്‍, അനുവദിച്ച ഫണ്ട് തികഞ്ഞില്ലെന്നും ഫണ്ട് വരുന്ന മുറയ്ക്ക് ചെലവായ തുക നല്‍കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
What's Your Reaction?






