ആറേക്കര്‍ ശ്രീദുര്‍ഗാദേവി-ശാസ്താ ക്ഷേത്രത്തിലെ മണിച്ചെപ്പ് ദര്‍ശിച്ച് ആയിരങ്ങള്‍
ആറേക്കര്‍ ശ്രീദുര്‍ഗാദേവി-ശാസ്താ ക്ഷേത്രത്തിലെ മണിച്ചെപ്പ് ദര്‍ശിച്ച് ആയിരങ്ങള്‍

ഇടുക്കി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണിച്ചെപ്പ് ആറേക്കര്‍ ശ്രീദുര്‍ഗാദേവി-ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി തുറന്നുനല്‍കി. 200 വര്‍ഷത്തിലേറെ പഴക്കമുള്ള മണിച്ചെപ്പ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് തുറന്നുനല്‍കുന്നത്. ഉരാളി സമുദായത്തില്‍ തലമുറകളായി കൈമാറി വരുന്ന ഒന്നാണ് മണിച്ചെപ്പ് അഥവ എലുപ്പംപെട്ടി. പണ്ടുകാലങ്ങളില്‍ പ്രത്യേക മന്ത്രങ്ങള്‍ പഠിച്ച കുടുംബത്തിലെ മൂത്ത കാരണവര്‍ രോഗമുക്തിക്കായും വിളവെടുപ്പ് ഉത്സവത്തിനായുമാണ് മണിച്ചെപ്പ് ഉപയോഗിച്ചിരുന്നത്. പ്രത്യേകം തയ്യാറാക്കിയ ഈറ്റപ്പുരകളിലാണ് മണിച്ചെപ്പ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ മണിചെപ്പിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. കേരളത്തില്‍ ആറേക്കര്‍ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ മാത്രമാണ് മണിച്ചെപ്പുള്ളത്. ക്ഷേത്രത്തിലെ ഗുളികന്റെ ശ്രീകോവിലിനുള്ളിലാണ് മണിച്ചെപ്പ് സൂക്ഷിച്ചിരിക്കുന്നത്. ഉരാളി സമുദായത്തില്‍പ്പെട്ട മൂത്ത കാരണവര്‍ ഒരാഴ്ച നോമ്പ് എടുത്ത് ഗുളികന് വറപെടി നിവേദ്യം അര്‍പ്പിച്ചശേഷം മണിച്ചെപ്പ് എടുത്ത് നാല് ദിക്കുകളിലേക്കും തിരിഞ്ഞ് കിലുക്കുന്നു. ക്ഷേത്രത്തിനുചുറ്റും വലയം വെച്ചതിനുശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും അവസരം നല്‍കുന്നു. ആറേക്കര്‍ ക്ഷേത്രത്തിലെ മണിച്ചെപ്പ് എടുക്കാനുള്ള അവകാശം ക്ഷേത്രം വെളിച്ചപ്പാട് കുഞ്ഞിരാമനാണ്. ചൂരല്‍ വടികൊണ്ട് പ്രത്യേകം ചീകി മെടഞ്ഞാണ് എലുപ്പംപെട്ടി നിര്‍മിച്ചിരിക്കുന്നത്. ഒരുഭാഗത്ത് പ്രത്യേകതരം ദ്വാരവും ഉള്ളില്‍ അറകളുമുള്ള പെട്ടിക്കുള്ളില്‍ സ്വര്‍ണനാണയങ്ങളും പഞ്ചലോഹ നാണയങ്ങളുമാണ് നിറച്ചിരിക്കുന്നത്.
What's Your Reaction?






