കോണ്‍ഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ചേര്‍ന്ന് ജില്ലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു: സി വി വര്‍ഗീസ്
കോണ്‍ഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ചേര്‍ന്ന് ജില്ലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു: സി വി വര്‍ഗീസ്
ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാത നിര്‍മാണത്തിന്റെ പേരിലും ചട്ടഭേദഗതിയുടെ പേരിലും സമരങ്ങള്‍ സംഘടിപ്പിച്ച് ബിജെപിയും കോണ്‍ഗ്രസും നിരോധിത സംഘടനകളും ചേര്‍ന്ന് ജില്ലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.
ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടരുതെന്ന വാശിയോടെ നാട്ടിലാകെ അരാജകത്വം പടര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പൊലീസുകാരനെ ചവിട്ടുന്ന ദൃശ്യം പ്രചരിപ്പിച്ചത് തീവ്ര സംഘടനകളുടെ അണിയറ നീക്കങ്ങളുടെ ഭാഗമായാണ്. പ്രത്യേക ലക്ഷ്യം മുമ്പില്‍കണ്ട് പെണ്‍കുട്ടികളെ മുമ്പില്‍ നിര്‍ത്തിയാണ് മന്ത്രിയുടെ ഓഫീസ് പടിക്കലെ സമരം ആസൂത്രണം ചെയ്തത്. ദേശീയപാത നിര്‍മാണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് റോഡ് നിര്‍മാണത്തിന് പൂര്‍ണ അനുമതി ലഭിക്കാവുന്ന നിലയില്‍ ചീഫ് സെക്രട്ടറി സെപ്റ്റംബര്‍ 4ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഹൈക്കോടതി വെബ്‌സൈറ്റിലൂടെ കേസില്‍ കക്ഷികളായ എല്ലാവര്‍ക്കും സത്യവാങ്മൂലത്തിന്റെ വിവരം ലഭിച്ചതുമാണ്. ഇതിനുശേഷം 6ന് മന്ത്രിയുടെ ഓഫീസ് ആക്രമിക്കാന്‍ തയാറായതിന് പിന്നിലുള്ള ലക്ഷ്യം നിഗൂഢമാണ്. സര്‍ക്കാരിനൊപ്പം നിലകൊണ്ട് നേര്യമംഗലം വാളറ റോഡ് നിര്‍മാണം സുഗമമായി മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയുമായിരുന്നിരിക്കെ തീവ്രസംഘടനകളുമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഗൂഢാലോചനയിലൂടെയാണ് ഹൈക്കോടതി വ്യവഹാരത്തിലേക്ക് കൊണ്ടുപോകാന്‍ എം എന്‍ ജയചന്ദ്രനെ നിയോഗിച്ചത്. ഇതിനായി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അനാവശ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് റോഡ് നിര്‍മാണത്തിന് അനുമതി ചോദിച്ച് അപേക്ഷ നല്‍കി. തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്തുതന്നെ റോഡ് നിര്‍മാണത്തിന് അനുവദിക്കപ്പെട്ട സ്ഥലമാണിതെന്നും ഇവിടെ റോഡ് നിര്‍മിക്കാന്‍ തടസമില്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു. 2014 മുതല്‍ ഈ ഭാഗത്ത് ദേശീയപാത നിര്‍മാണം നടത്തിയിട്ടുണ്ട്. വനംവകുപ്പ് റോഡ് നിര്‍മാണം തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സങ്കല്‍പിച്ച് സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ എത്തിയതിന് പിന്നാലെ ബിജെപി നേതാവ് എം എന്‍ ജയചന്ദ്രനും ഹൈക്കോടതിയിലെത്തി. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണെ. സമാധാന അന്തരീക്ഷം നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ മുഴുവന്‍ ജനങ്ങളും ഇത്തരം നീക്കം തിരിച്ചറിയണമെന്നും സി വി വര്‍ഗീസ്, ജില്ലാ കമ്മിറ്റിയംഗം കെ ജി സത്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
What's Your Reaction?

