കൊച്ചി-ധനുഷ്‌കോടി ദേശീയപാത: സര്‍ക്കാര്‍ തിരുത്തല്‍ സത്യവാങ്മൂലം നല്‍കി: നിര്‍മാണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷ
കൊച്ചി-ധനുഷ്‌കോടി ദേശീയപാത: സര്‍ക്കാര്‍ തിരുത്തല്‍ സത്യവാങ്മൂലം നല്‍കി: നിര്‍മാണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷ

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയില്‍ തിരുത്തല്‍ സത്യവാങ്മൂലം നല്‍കി. ഇതോടെ തടസപ്പെട്ട് കിടക്കുന്ന റോഡ് നിര്‍മാണം കോടതി ഇടപെടലിലൂടെ വീണ്ടും പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. ദേശീയപാത കടന്നുപോകുന്ന ഭാഗം വനഭൂമിയാണെന്ന സത്യവാങ്മൂലവും വനംവകുപ്പിന്റെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചുമാറ്റിയെന്നുമുള്ള ഹര്‍ജിയും കോടതിയില്‍ എത്തിയതോടെയാണ് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ നിര്‍മാണ ജോലികള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്. നേര്യമംഗലം വനമേഖലയിലൂടെ റോഡ് കടന്നുപോകുന്ന ഭാഗം റവന്യു ഭൂമിയാണെന്നതിന് രേഖകളുണ്ടെന്നും സര്‍ക്കാര്‍ തെറ്റായ സത്യവാങ്മൂലം കോടതിയില്‍ നല്‍കിയെന്നുമായിരുന്നു ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനം. മുമ്പ് നല്‍കിയ സത്യവാങ്മൂലം തിരുത്തി നല്‍കണമെന്നും ആവശ്യമുയര്‍ന്നു. ഇതില്‍ കാലതാമസം വന്നതോടെ ജനകീയ പ്രതിഷേധവും രൂപംകൊണ്ടു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിഷയത്തില്‍ കോടതിയില്‍ തിരുത്തല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ചീഫ് സെക്രട്ടറിയാണ് സര്‍ക്കാരിനുവേണ്ടി കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കോടതി ഇത് ഫയലില്‍ സ്വീകരിച്ചു. കേസ് ഈ മാസം 13ന് കോടതി വീണ്ടും പരിഗണിക്കും. റോഡും സമീപത്തെ 50 അടി വീതിയില്‍ ഭൂമിയും പോതുമരാമത്ത് വകുപ്പിന്റേതാണെന്നും രാജഭരണകാലത്ത് തന്നെ ഈ ഭൂമി വനംവകുപ്പില്‍നിന്ന് ഒഴിവാക്കിയിരുന്നുവെന്നും പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
What's Your Reaction?






