കെഎസ്ഇബി ഫ്യൂസ് ഊരി: പ്രവര്‍ത്തനം നിലച്ച് സ്വരാജിലെ എസ്ബിഐ എടിഎം
കെഎസ്ഇബി ഫ്യൂസ് ഊരി: പ്രവര്‍ത്തനം നിലച്ച് സ്വരാജിലെ എസ്ബിഐ എടിഎം

ഇടുക്കി:കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് കാഞ്ചിയാര്‍ സ്വരാജ് ടൗണില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ബാങ്ക് എടിഎം പ്രവര്‍ത്തനം നിലച്ചു. ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് മൂന്നുദിവസം മുമ്പാണ് സ്വരാജ് ടൗണിലെ എടിഎമ്മിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. തുടര്‍ന്ന് ഇന്‍വെര്‍ട്ടറിന്റെ സഹായത്തോടെ ഒരു ദിവസം പ്രവര്‍ത്തിച്ചുവെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ എടിഎമ്മിന്റെ സേവനം നിശ്ചലമാകുകയായിരുന്നു. കോഴിമല, സ്വരാജ് തുടങ്ങി വിവിധ മേഖലകളില്‍നിന്നും കൂടാതെ ഇതുവഴി കടന്നുപോകുന്ന വാഹനയാത്രികരും ആശ്രയിക്കുന്ന എടിഎം പ്രവര്‍ത്തനരഹിതമായതോടെ പണം എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് എടിഎം നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ബില്‍ അടക്കാതെ വന്നതോടെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ബില്‍ അടയ്ക്കുന്നതിനുവേണ്ടി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടിയന്തരമായി എടിഎമ്മിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






