ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം: സര്‍ക്കാര്‍ തീരുമാനം ചരിത്രപരമെന്ന് വ്യാപാരി വ്യവസായി സമിതി
ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം: സര്‍ക്കാര്‍ തീരുമാനം ചരിത്രപരമെന്ന് വ്യാപാരി വ്യവസായി സമിതി

ഇടുക്കി: ഷോപ്പ് സൈറ്റുകള്‍ക്ക് വിസ്തൃതി പരിഗണിക്കാതെ പട്ടയം അനുവദിക്കാനുള്ള പിണറായി സര്‍ക്കാര്‍ തീരുമാനം ചരിത്രപരമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി. സര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പം നിലകൊള്ളുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ജില്ലയിലെ വ്യാപാരികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും മറ്റ് സാധാരണക്കാര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്ന തീരുമാനമാണിത്. കട്ടപ്പനയിലെ വ്യാപാരികളുടെ ഉള്‍പ്പെടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് നടപ്പാകുന്നത്. കടകള്‍ ഉള്‍പ്പെടുന്ന ടൗണിലെ ഭൂമിക്ക് പട്ടയം ലഭിക്കുന്നത് കട്ടപ്പനയുടെ വികസനത്തിനും ഏറെ പ്രയോജനപ്പെടും. വ്യാപാരികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടാണിത്. ഭൂമിയുടെ ക്രമവിക്രയം ഉള്‍പ്പെടെ ഇനി വേഗത്തില്‍ സാധ്യമാകും.
1977ന് മുമ്പ് വനഭൂമി കൈവശം വച്ചുവരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചുനല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശമുണ്ടായിരുന്നവര്‍ പലവിധ നിര്‍മാണങ്ങള്‍ നടത്തി. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാം. ഈ സാഹചര്യത്തിലാണ് കൈവശഭൂമിയില്‍ നിര്‍മാണം നടത്തിയിട്ടുണ്ടെങ്കില്‍ വിസ്തൃതി പരിഗണിക്കാതെ പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്. 1993ലെ ചട്ടപ്രകാരം കൃഷിക്കും വീടു നിര്‍മാണത്തിനും കടകള്‍ക്കുമാണ് പട്ടയം. ജില്ലയില്‍നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിന്റെയും എല്‍ഡിഎഫ് നേതാക്കളുടെയും നിരന്തര ഇടപെടലുകളിലൂടെയാണ് തീരുമാനമുണ്ടായത്. ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തില്‍ ഉള്‍പ്പെടെ വ്യാജപ്രചാരണം നടത്തുന്ന കോണ്‍ഗ്രസിനും യുഡിഎഫിനും ബിജെപിക്കും കപട പരിസ്ഥിതിവാദികള്‍ക്കുമേറ്റ തിരിച്ചടിയാണിത്.
കേരളത്തിലെയും അതോടൊപ്പം ഇടുക്കി ജില്ലയിലെയും ഭൂപ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചു വരുന്നതിന്റെ ഒടുവിലത്തെ തീരുമാനമാണ് ബുധനാഴ്ചത്തെ ഷോപ്പ് സൈറ്റ് പട്ടയവുമായുള്ള ബന്ധപ്പെട്ടുള്ള മന്ത്രിസഭാ യോഗ തീരുമാനം. 1960 ഭൂപതിവു നിയമത്തിന് കീഴിലുള്ള വിവിധ ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ വസ്തുവില്‍ വീടു വയ്ക്കുന്നതിനും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉണ്ടായിരുന്ന അവ്യക്തതകള്‍ പരിഹരിക്കുന്നതിനുള്ള നിരവധി ചട്ട നിര്‍മാണങ്ങള്‍ ഇതിനോടകം തന്നെ നടത്തിയിരുന്നു. ഇതിന്റെ അടുത്ത ഘട്ടമായാണ് ഇപ്പോള്‍ ഷോപ്പ് സൈറ്റ് പട്ടയങ്ങള്‍ സംബന്ധിച്ചുള്ള ആശയക്കുഴപ്പവും പരിഹരിച്ചു. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഒന്നൊന്നായി പാലിക്കപ്പെടുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസും ബിജെപിയും നടത്തിവന്ന വ്യാജപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും ഇപ്പോള്‍ അപ്രസക്തമായതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍, വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, ആല്‍വിന്‍ തോമസ്, ജി എസ് ഷിനോജ്, എം ആര്‍ അയ്യപ്പന്‍കുട്ടി, പി ബി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






