മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ച് ഇടുക്കി
മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ച് ഇടുക്കി
ഇടുക്കി: മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ച് ഇടുക്കി. വെള്ളിയാഴ്ച രാത്രിയില്‍ പെയ്ത കനത്തമഴയുടെ ഞെട്ടലിലാണ് മലയോര ജനത. കല്ലാര്‍ പുഴയില്‍ ക്രമാതീയമായി വെള്ളം ഉയര്‍ന്നതോടെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. വാഹനങ്ങള്‍ ഒലിച്ചു പോയി, ചപ്പാത്ത് പാലം തകര്‍ന്നു, മുല്ലപ്പെരിയാര്‍ കല്ലാര്‍ ഡാമുകള്‍ തുറന്നു. കൂട്ടാര്‍, തൂക്കുപാലം, മുണ്ടിയെരുമ, ബാലഗ്രാം, താന്നിമൂട് തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കൂട്ടാറില്‍ നിന്ന് ഒരു ട്രാവലറും ബോലേറൊയും കാറും ബൈക്കും ഒഴുക്കില്‍പ്പെട്ടു. പുഴയും സമീപറോഡുകളും പൂര്‍ണമായി നികന്നായിരുന്നു മലവെള്ളപാച്ചില്‍. രാത്രിയില്‍ തന്നെ വെള്ളം ഉയര്‍ന്ന മേഖലകളില്‍ കഴിഞ്ഞിരുന്നവരെ നാട്ടുകാര്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.
മുണ്ടിയെരുമയില്‍ വീടിനുള്ളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് ഒരു കുടുംബം വീടിന് മുകളില്‍ അഭയം പ്രാപിച്ചെങ്കിലും പിന്നീട് വീട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്ന സാഹചര്യമുണ്ടായി തുടര്‍ന്ന് ഇവരെ സാഹസീകമായി രക്ഷപ്പെടുത്തുകയായിരുന്നു. കൂട്ടാറില്‍ നിന്ന് ഗ്രാമീണമേഖലയായ അല്ലിയാറിലേക്കുള്ള ചപ്പാത്ത് തകര്‍ന്നു. അന്യാര്‍തോളുവില്‍ വളര്‍ത്തുമൃഗങ്ങള്‍ ഒലിച്ചു പോയി, നിരപ്പെല്‍ കടയില്‍ അരയേക്കറോളം കൃഷിഭൂമി നശിച്ചു. കൂട്ടാറില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ 8 സ്പില്‍വേ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തി 3763 ക്യുവെക്‌സ് വെള്ളം പെരിയാറിലേയ്ക് ഒഴുക്കി. കല്ലാര്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയതോടെ ചിന്നാര്‍, ബദേല്‍ ഭാഗങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പച്ചടിയില്‍ ഓട്ടോറിക്ഷാ ഒഴുകിപോയി. തൂവല്‍ വെള്ളചാട്ടത്തിന്റെ വ്യൂപോയിന്റിലും നടപ്പാതയിലും വെള്ളം കയറി. കട്ടപ്പന കുന്തളംപാറയിലും തോട് കരകവിഞ്ഞൊഴുകി. വണ്ടിപ്പെരിയാര്‍ കക്കികവല, കുമളി ശാസ്താംനട, ആനവിലാസം ഭാഗങ്ങളിലും വെള്ളം ഉയര്‍ന്നു. ഇവിടെ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചു. രാവിലെ മുതല്‍ മഴ തോര്‍ന്നെങ്കിലും കല്ലാര്‍ പുഴയിലെ ജലനിരപ്പ് ഇതുവരെയും താഴ്ന്നിട്ടില്ല. വിവിധ മേഖലകളില്‍ മണികൂറുകളോളം ഗതാഗതം തടസപ്പെട്ടു.
What's Your Reaction?

