കുമളിയില്‍ കനത്ത മഴ: ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി
കുമളിയില്‍ കനത്ത മഴ: ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി
ഇടുക്കി: കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയില്‍ കുമളി, ഒന്നാംമൈല്‍ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളും വീടുകളിലും വെള്ളം കയറി. തുണിത്തരങ്ങള്‍, പലചരക്ക് സാധനങ്ങള്‍, കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെ പൂര്‍ണമായും നശിച്ച സ്ഥിതിയിലാണ്. ദേശീയപാതയുടെയും മറ്റുറോഡുകളുടെയും ഓടകളില്‍ മാലിന്യം നിറഞ്ഞതിനാല്‍ വെള്ളം ഒഴുക്ക് തടസപ്പെട്ടിരുന്നു. മാസങ്ങളായി ഓടകള്‍ വൃത്തിയാക്കാണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഇതാണ് വെള്ളം വേഗത്തില്‍ ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. ടൗണിലെ ഓടകള്‍ വൃത്തിയാക്കണമെന്നും അടിയന്തരമായി ഇടപെടലുകള്‍ നടത്തണമെന്നുമാവശ്യപ്പെട്ട് കെവിവിഇഎസ് കുമളി യൂണിറ്റ് തിങ്കളാഴ്ച കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയപാത ഉപരോധിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം അറിയിച്ചു. ഒറ്റ രാത്രിയില്‍ പെയ്ത മഴയില്‍ വ്യാപാരികളുടെ ജീവിത മാര്‍ഗമാണ് അടഞ്ഞുപോയത്. അടിയന്തരമായി വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഇടപെടലുകള്‍ നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
What's Your Reaction?

