ഭൂനിയമ ഭേദഗതി ചട്ടം: കേരള കോണ്‍ഗ്രസ് നെടുങ്കണ്ടത്ത് ധര്‍ണ നടത്തി
ഭൂനിയമ ഭേദഗതി ചട്ടം: കേരള കോണ്‍ഗ്രസ് നെടുങ്കണ്ടത്ത് ധര്‍ണ നടത്തി
ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടം ജനങ്ങളെ കൊള്ളയടിക്കാനാണെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി നെടുങ്കണ്ടത്ത് ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനംചെയ്തു. പുതിയചട്ടം പഞ്ചസാരയില്‍ പൊതിഞ്ഞ വിഷവും കോടികള്‍ തട്ടാനുള്ള സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തട്ടിപ്പാണെന്നും നേതാക്കള്‍ ആരോപിച്ചു. 1960ലെ നിയമത്തിന്റെയും 1964ലെ ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ പട്ടയഭൂമിയില്‍ നടത്തിയിട്ടുള്ള വീട് ഒഴിച്ചുള്ള നിര്‍മാണങ്ങള്‍ നിയമവിരുദ്ധമാണെന്നു ഹൈക്കോടതിയില്‍നിന്ന് 2019ല്‍ ജനവിരുദ്ധ വിധി സമ്പാദിച്ചത് ഇടതുസര്‍ക്കാരാണ്. 2024 ജൂണ്‍ 7വരെയുള്ള നിര്‍മാണങ്ങളും നിര്‍മിതികളും മാത്രമാണ് ചട്ടത്തിലൂടെ ക്രമപ്പെടുത്താന്‍ സാധിക്കൂ. 3000 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകള്‍ക്കുമാത്രം അപേക്ഷാഫീസ് വാങ്ങിച്ച് ക്രമപ്പെടുത്താന്നും 3000സ്‌ക്വയര്‍ ഫീറ്റിനുമുകളിലുള്ള ഭവന, വാണിജ്യ, വ്യവസായിക കെട്ടിടങ്ങള്‍ക്കെല്ലാം 5 മുതല്‍ 50 ശതമാനം വരെ വിവിധ സ്ലാബുകളിലായി പിഴത്തുക അടയ്ക്കണമെന്നും ഭൂമിയുടെ ഫെയര്‍വാല്യൂവിന്റെ 5 ശതമാനം ഈടാക്കുമെന്നുമാണ് ചട്ടത്തില്‍. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ വഷളാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും നിര്‍മാണനിരോധനം ഉള്‍പ്പടെ കര്‍ഷകരെ വരിഞ്ഞുമുറുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കിയശേഷമാണ് ഇപ്പോള്‍ ചട്ടഭേദഗതിയിലൂടെ ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പള്ളിക്കുന്നേല്‍ അധ്യക്ഷനായി. സംസ്ഥാന ഉന്നതാധികാര സമിതി അംഗം നോബിള്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, ജോസ് പൊട്ടംപ്ലാക്കല്‍, ജോസുകുട്ടി, ഒ ടി ജോണ്‍, ചാക്കോ, എം ജെ കുര്യന്‍, ബിജു ആക്കാട്ടുമുണ്ട, ജോയി കണിയാംപറമ്പില്‍, ഒ എസ് ജോസഫ്, ജോസ് കണ്ടത്തിന്‍കര, ജോയി നമ്പുടാകത്ത്, ജോര്‍ജ് അരീപ്ലാക്കല്‍, തങ്കച്ചന്‍ വള്ളനാമറ്റം, ബെന്നി പൂവത്താനിക്കുന്നേല്‍, ടോമി തെക്കേല്‍, ബേബി പടിഞ്ഞാറെക്കുടി, സണ്ണി പട്യാലില്‍, ഫിലിപ്പ് കലയത്തുംകുഴി, സജി തോട്ടമറ്റം, ബിനോയി കായപ്പുറത്ത്, ഗിരീഷ്, സിബി കൊച്ചുവള്ളാട്ട്, സിജോ ഇലന്തൂര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

