കാമാക്ഷി പഞ്ചായത്ത് വികസന സദസ് നടത്തി
കാമാക്ഷി പഞ്ചായത്ത് വികസന സദസ് നടത്തി
ഇടുക്കി: കാമാക്ഷി പഞ്ചായത്ത് വികസന സദസ് തങ്കമണി സെന്റ് തോമസ് പാരീഷ് ഹാളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ച് ജനങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വികസന സദസ് നടത്തുന്നത്. വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവരെ യോഗത്തില്‍ ആദരിച്ചു. വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുവാനായി വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ച 1.73കോടി രൂപയുടെ ചെക്ക് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യുവിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെനി റോയ്, ബ്ലോക്ക് പഞ്ചായത്തംഗം ജെസി കാവുങ്കല്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, പഞ്ചായത്തംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍, സാംസ്‌കാരിക വിദ്യാഭ്യാസരംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

