ചോര്‍ന്നൊലിക്കുന്ന കൂരയിൽ ദുരിതജീവിതം: ശാന്തയ്ക്ക് വേണം തലചായ്ക്കാന്‍ ഒരിടം
ചോര്‍ന്നൊലിക്കുന്ന കൂരയിൽ ദുരിതജീവിതം: ശാന്തയ്ക്ക് വേണം തലചായ്ക്കാന്‍ ഒരിടം
ഇടുക്കി: ചോര്‍ന്ന് ഒലിക്കുന്ന ഷെട്ടില്‍ അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് ചിന്നക്കനാല്‍ മുട്ടുകാട്ട് സ്വദേശി കാക്കരകുന്നേല്‍ ശാന്ത ഗോപാലന്‍. വിധവയായ ഈ വയോധിക ഹൃദ്രോഗ ചികിത്സയിലാണ്. എസ്‌സി വിഭാഗത്തില്‍പെട്ട 67കാരിയായ ഇവര്‍ക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിക്കുകയും അപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചുമാറ്റി താല്‍കാലിക ഷെഡിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. പുതിയ വീടിനായി തറയും നിര്‍മിച്ചു. ആദ്യഗഡുവായ 40000 രൂപ ലഭിച്ചെങ്കിലും മാസങ്ങളായി ബാക്കി തുക മുടങ്ങി കിടക്കുകയാണ്. അടച്ചുറപ്പുള്ള മഴ നനയാത്ത ഒരു വീട് എന്ന ശാന്തയുടെ സ്വപ്‌നത്തില്‍ തീര്‍ത്ത തറയില്‍ നിറയെ കാട്ടുപടര്‍പ്പുകള്‍ നിറഞ്ഞു. ചിന്നക്കനാല്‍ പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി പാതിവഴിയില്‍ മുടങ്ങിയതോടെ കഴിഞ്ഞ 6 മാസമായി താല്‍കാലിക ഷെഡിലാണ് ഇവരുടെ ജീവിതം. പഞ്ചായത്തിന്റെ ചില നടപടികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് ലൈഫ് വീടുകള്‍ക്കുപോലും റവന്യൂവകുപ്പിന്റെ എന്‍ഓസി നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. മകന്‍ ഓട്ടോ ഓടിക്കുന്നത് മാത്രമാണ് ഈ കുടുംബത്തിന്റെ ഏകവരുമാനം. ലൈഫ് ഭവനപദ്ധതിയില്‍ വീടിന് അര്‍ഹതപ്പെട്ടവരാണ് ശാന്തയും കുടുംബവുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും നിലവില്‍ ചിന്നക്കനാല്‍ പഞ്ചായത്തില്‍ നിലനില്‍ക്കുന്ന വിജിലന്‍സ് അന്വേഷണവും റവന്യുവകുപ്പിന്റെ നിയമങ്ങളും സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. അനാവശ്യ നിയമകുരുക്കുകള്‍ മൂലം നിരവധി വീടുകളുടെ നിര്‍മാണമാണ് ചിന്നക്കനാലില്‍ മുടങ്ങിയിരിക്കുന്നത്. കനത്ത മഴയില്‍ താല്‍കാലിക ഷെഡില്‍ വെള്ളവും ചെളിയും നിറഞ്ഞതോടെ രോഗിയായ ശാന്ത അയല്‍വീട്ടിലാണ് താമസം. എത്രയും പെട്ടെന്ന് തല ചായിക്കാന്‍ സ്വന്തമായി ഒരിടം വേണമെന്നാണ് ശാന്തയുടെ ആവശ്യം.
What's Your Reaction?

