കാലിവളര്‍ത്തലുമായി മുമ്പോട്ടുവരുന്ന ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് ലോണ്‍ സൗകര്യമൊരുക്കും: മന്ത്രി ചിഞ്ചു റാണി
കാലിവളര്‍ത്തലുമായി മുമ്പോട്ടുവരുന്ന ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് ലോണ്‍ സൗകര്യമൊരുക്കും: മന്ത്രി ചിഞ്ചു റാണി
ഇടുക്കി: ജില്ലാതല ക്ഷീരസംഗമം ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ നടത്തി. ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കാലിവളര്‍ത്തുന്നതിനായി മുമ്പോട്ടുവരുന്ന ചെറുകിട ക്ഷീര കര്‍ഷകര്‍ക്ക് കേരളാ ബാങ്ക് വഴി ലോണ്‍ സൗകര്യമൊരുക്കും. പലിശ പൂര്‍ണമായും ക്ഷീരവികസന വകുപ്പ് അടയ്ക്കുന്നതിനുള്ള പദ്ധതി രൂപീകരിച്ചു വരികയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്നും 1ലക്ഷം കീടാരികളെ വളര്‍ത്തി നല്‍കുന്നതിനായുള്ള പദ്ധതിയിലേക്കും വകുപ്പ് നീങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. മില്‍മയുടെ വിവിധ ഡയറി ഉല്‍പ്പന്നങ്ങള്‍, വിവിധ കറവയന്ത്രങ്ങള്‍, പാലിന്റെ ഗുണനിലവാരം അളക്കുന്ന മെഷീനുകള്‍, കാലിത്തിറ്റകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള വിവിധ സപ്ലിമെന്റുകള്‍, ചാണകം ഉണക്കുന്ന മെഷീനുകള്‍, മൃഗങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ സ്റ്റാളുകളും എക്സ്പോയില്‍ ഒരുക്കിയിരുന്നു. മികച്ച ക്ഷീരകര്‍ഷകന്‍ കമ്പംമെട്ട് വാണിയപ്പുരയ്ക്കല്‍ ജിന്‍സ് കുര്യന്‍, ക്ഷീരകര്‍ഷക ചെല്ലാര്‍കോവില്‍ കമ്പിയില്‍ മോളി ലാലച്ചന്‍, എസ്സി-എസ്ടി കര്‍ഷകന്‍ ഇളദേശം നോമ്പ്രയില്‍ മനോജ് തങ്കപ്പന്‍, യുവകര്‍ഷകന്‍ ഇളംദേശം ചാമക്കാലായില്‍ ദീപക് ജോസ്, ക്ഷീരകര്‍ഷക ക്ഷേമനിധി കര്‍ഷകന്‍ നെടുങ്കണ്ടം താന്നിവീട്ടില്‍ ടി എസ് എവിമോന്‍, കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീരസംഘം ചെല്ലാര്‍കോവില്‍ ആപ്‌കോസ് തുടങ്ങിയവരെ യോഗത്തില്‍ അനുമോദിച്ചു. ക്ഷീരവികസന വകുപ്പ്, ക്ഷീരകര്‍ഷക സഹകരണ സംഘം, നാങ്കുതൊട്ടി ആപ്കോസ്, ത്രിതല പഞ്ചായത്തുകള്‍, കേരള ഫീഡ്സ്, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, വിവിധ സഹകരണ സ്ഥാപനങ്ങള്‍, ക്ഷീരകര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സംഗമം നടത്തിയത്. എം എം മണി എംഎല്‍എ അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ബോര്‍ഡംഗം പോള്‍ മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ, അസിസ്റ്റന്റ് ഡയറക്ടര്‍ ജിസാ ജോസഫ്, കട്ടപ്പന ഡയറിഫാം ഇന്‍സ്ട്രക്ടര്‍ കെ എന്‍ മിനിമോള്‍, ഇആര്‍സിഎംപിയു ബോര്‍ഡംഗം അജേഷ് മോഹനന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ജയന്‍ കെ കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

