പീരുമേട് 55-ാംമൈല്‍ സ്വദേശിയെ ഇടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു
പീരുമേട് 55-ാംമൈല്‍ സ്വദേശിയെ ഇടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു
 
                                ഇടുക്കി: പീരുമേട് 55-ാംമൈല്‍ പൂവക്കുന്നേല്‍ തോമസി(45)ന്റെ മരണത്തിനിടയാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ ചുരക്കളം സ്വദേശി വിഘ്നേഷിന്റെ ടാറ്റാ സുമോ ഇടിച്ചാണ് തോമസ് മരിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഒക്ടോബര്‍ 22നാണ് തോമസിനെ പീരുമേട് 55-ാംമൈലിനുസമീപം റോഡരികില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയശേഷം നടക്കാനായി പുറത്തുപോയ ഇദ്ദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെയെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് റോഡരികില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടത്. ഉടന്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
വാഹനമിടിച്ചാണ് മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പീരുമേട് എസ്എച്ച്ഒ ഗോപി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ  അന്വേഷണത്തിലാണ് വിഘ്നേഷിന്റെ ചുവന്ന ടാറ്റാ സുമോ കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ ചുരക്കുളം ടീ ഫാക്ടറിക്കുമുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം കസ്റ്റഡിയിലെടുത്തു. അപകടത്തിനുശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായാണ് പ്രാഥമിക നിഗമനം. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.            
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
     
     
    


 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                             
                                            