മൈലാടുംപാറ, കടുക്കാസിറ്റി മേഖലകളില്‍ കരടി ശല്യം: ഭീതിയോടെ നാട്ടുകാര്‍
മൈലാടുംപാറ, കടുക്കാസിറ്റി മേഖലകളില്‍ കരടി ശല്യം: ഭീതിയോടെ നാട്ടുകാര്‍
ഇടുക്കി: അണക്കര മൈലാടുംപാറ, കടുക്കാസിറ്റി മേഖലകളില്‍ കരടി ശല്യമുള്ളതായി നാട്ടുകാര്‍. നിരവധിപേര്‍ പകല്‍സമയത്തും കരടിയെ കൃഷിയിടത്തില്‍ കണ്ടതായി പറയുന്നു. ഇതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശവാസികള്‍. മൈലാടുംപാറ, കടുക്കാസിറ്റി പ്രദേശങ്ങളിലാണ് ശല്യം വര്‍ധിച്ചിരിക്കുന്നത്. കൃഷിയിടങ്ങളിലും വീടുകളുടെ മണ്‍തിട്ടകളിലും തേന്‍കൂടുകള്‍ തേടിയാണ് ഇവറ്റകള്‍ രാത്രികാലങ്ങളില്‍ എത്തുന്നത്. ഒരാഴ്ചയ്ക്കിടെ കൃഷിയിടങ്ങളിലെ തേനീച്ചക്കൂടുകളും ചിതല്‍പ്പുറ്റും ഇവറ്റകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. മണ്‍തിട്ടകളും തകര്‍ത്ത നിലയിലാണ്.
ഒന്നിലേറെ കരടികളാണ് പ്രദേശത്ത് ചുറ്റിത്തിരിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നവര്‍ ഭീതിയിലാണ്. മാസങ്ങള്‍ക്കുമുമ്പ് കടുക്കാസിറ്റിയില്‍ കിണറ്റില്‍വീണ കടുവയെ വനപാലകര്‍ പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. മേഖലയില്‍ വന്യജീവി ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?

