കേരളത്തില്‍ ഇനി യുഡിഎഫ് ഒരിക്കലും അധികാരത്തിലെത്തില്ല: പന്ന്യന്‍ രവീന്ദ്രന്‍
കേരളത്തില്‍ ഇനി യുഡിഎഫ് ഒരിക്കലും അധികാരത്തിലെത്തില്ല: പന്ന്യന്‍ രവീന്ദ്രന്‍
ഇടുക്കി: സാധാരണക്കാരുടെ ആശ്രയമായ ക്ഷേമപെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണെന്ന് പറയുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചതായി മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ദേവികുളം എംപ്ലോയിസ് വര്‍ക്കേഴ്‌സ് യൂണിയന്റെ(എഐടിയുസി) പൂപ്പാറയിലെ പുതുക്കിപ്പണിത പളനിവേല്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍ വര്‍ധിപ്പിച്ചത് എങ്ങിനെ കൊടുക്കുമെന്നോര്‍ത്ത് കോണ്‍ഗ്രസ് വിഷമിക്കേണ്ടതില്ല. ഒരുകാലത്തും കോണ്‍ഗ്രസ് ഇനി കേരളത്തില്‍ അധികാരത്തിലെത്തില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ ഒരുകുടുംബമായി കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ ചിലപ്പോള്‍ കടം വാങ്ങേണ്ടിവരും. പ്രതിസന്ധികളെ അതിജീവിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. അന്തരിച്ച തൊഴിലാളി നേതാവ് പി പളനിവേലിന്റെ ഫോട്ടോയും അനാച്ഛാദനംചെയ്തു. പ്രകടനത്തില്‍ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. യോഗത്തില്‍ എം വൈ ഔസേപ്പ് അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, പി മുത്തുപ്പാണ്ടി, ജി എന്‍ ഗുരുനാഥന്‍, സി യു ജോയി, കെ സി ആലീസ്, പി ടി മുരുകന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

