ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവായ്ക്ക് നവംബര്‍ 4ന് കട്ടപ്പനയില്‍ സ്വീകരണം
ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവായ്ക്ക് നവംബര്‍ 4ന് കട്ടപ്പനയില്‍ സ്വീകരണം
ഇടുക്കി: മലങ്കര യാക്കോബായ സുറിയാനി സഭ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവായ്ക്ക് നവംബര്‍ 4ന് കട്ടപ്പനയില്‍ ഇടുക്കി ഭദ്രാസനം സ്വീകരണം നല്‍കും. 3ന് വൈകിട്ട് കുമളിയില്‍ എത്തുന്ന ബാവ നാലിന് രാവിലെ തമിഴ്‌നാട്ടിലെ സഭയുടെ വിവിധ പദ്ധതികള്‍ സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 2ന് ആനവിലാസം, വള്ളക്കടവ് വഴി മൂന്നോടെ കട്ടപ്പന സ്‌കൂള്‍കവലയില്‍ എത്തിച്ചേരും. തുടര്‍ന്ന്, വാഹനങ്ങളുടെ അകമ്പടിയില്‍ ഇടുക്കിക്കവല, അശോക ജങ്ഷന്‍, ടി ബി ജങ്ഷന്‍ വഴി കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തും. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ പള്ളിയിലേക്ക് സ്വീകരിക്കും. ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ പള്ളിയില്‍ ധൂപപ്രാര്‍ഥനയും നടക്കും.
അനുമോദന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്യും. ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്ത സഖറിയാസ് മോര്‍ പീലക്സിനോസ് അധ്യക്ഷനാകും. മലങ്കര കത്തോലിക്ക സഭ തിരുവല്ല രൂപതാധ്യക്ഷന്‍ തോമസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും. ഡീന്‍ കുര്യാക്കോസ് എംപി, നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി, ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ എന്നിവര്‍ സംസാരിക്കും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, എസ്എന്‍ഡിപി യോഗം, എന്‍എസ്എസ് ഭാരവാഹികള്‍, കട്ടപ്പന ഇമാം, കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, എച്ച്എംടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ ബാവയ്ക്ക് സ്വീകരണം നല്‍കും. ഭദ്രാസനത്തിലെ മുണ്ടക്കയം മുതല്‍ തട്ടേക്കണ്ണി വരെയുള്ള പള്ളികളിലെ വിശ്വാസികള്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും.
ചുതലയേറ്റശേഷം ആദ്യമായി ഇടുക്കിയിലെത്തുന്ന ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് പ്രൗഢോജ്ജ്വലമായ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരുടെ വലിയ വാഹനങ്ങള്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും മലയാറ്റ് ഗ്രൗണ്ടിലും ഇരുചക്ര വാഹനങ്ങള്‍ കുന്തളംപാറ റോഡിനോടുചേര്‍ന്നുള്ള ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഭദ്രാസന സെക്രട്ടറി ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, വൈദിക സെക്രട്ടറി ഫാ. എബിന്‍ എബ്രഹാം, പബ്ലിസിറ്റി കണ്‍വീനര്‍ ഫാ. ജെയിംസ് കുര്യന്‍, ഫാ. ബിനോയി ചാക്കോ, ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം ഇടയത്തുപാറയില്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?