കുമളിയില്‍ കോണ്‍ഗ്രസ്-എല്‍ഡിഎഫ് സംഘര്‍ഷം: എസ്‌ഐയ്ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്ക്
കുമളിയില്‍ കോണ്‍ഗ്രസ്-എല്‍ഡിഎഫ് സംഘര്‍ഷം: എസ്‌ഐയ്ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്ക്
ഇടുക്കി: കുമളിയില്‍ കോണ്‍ഗ്രസ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്‌ഐയ്ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു. എസ്‌ഐ രാജേഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജ്കുമാര്‍ എന്നിവര്‍ക്കാണ് പരിക്ക്. ഞായറാഴ്ച വൈകിട്ട് 7ഓടെയാണ് സംഭവം. എല്‍ഡിഎഫ് വികസന വിളംബര ജാഥയുടെ സമാപനം കുമളിയില്‍ നടക്കുകയായിരുന്നു. ഹോളിഡേ ഹോം പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ബസ് സ്റ്റാന്‍ഡിനുസമീപം സമ്മേളനവേദിയിലേക്ക് പുറപ്പെട്ടു. ഇതേസമയം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടകനായ കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ അവകാശ പ്രഖ്യാപന കണ്‍വന്‍ഷനുമുന്നോടിയായി ഫെഡറല്‍ ബാങ്ക് പരിസരത്തുനിന്ന് ജാഥയും ആരംഭിച്ചു. എല്‍ഡിഎഫ് പ്രകടനം കടന്നുപോയശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാഥ കടന്നുപോകാന്‍ പോലീസ് അനുവദിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതായും തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായും ആക്ഷേപമുണ്ട്. ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. പരിക്കേറ്റവര്‍ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
What's Your Reaction?