സഞ്ചാരികളുടെ മനം കവര്‍ന്ന് ചിന്നക്കനാല്‍ പാറക്കുഴി വെള്ളച്ചാട്ടം
സഞ്ചാരികളുടെ മനം കവര്‍ന്ന് ചിന്നക്കനാല്‍ പാറക്കുഴി വെള്ളച്ചാട്ടം
ഇടുക്കി: ഇടുക്കിയുടെ ഏലമലക്കാടുകള്‍, പ്രകൃതിയുടെ വിസ്മയ കാഴ്ചകള്‍ മടിത്തട്ടില്‍ ഒളിപ്പിച്ച മലനിരകള്‍. ഇടുക്കിയുടെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തിനോട് ചേര്‍ന്ന് മനോഹാരിതയില്‍ ചാലിച്ചൊഴുകുന്ന ഒരു വെള്ളച്ചാട്ടമുണ്ട്. സഞ്ചാരികളുടെയും വ്‌ളോഗര്‍മാരുടെയും കണ്ണില്‍പെടാതെ ഏലമല കാടിനുള്ളില്‍ ഒളിപ്പിച്ച വെള്ളച്ചാട്ടമാണ് പാറകുഴി. 350 മീറ്റര്‍ ഉയരത്തില്‍നിന്ന് പാറകളില്‍ തട്ടി ചിന്നി ചിതറി ഒഴുകുന്ന വെള്ളച്ചാട്ടം കാഴ്ചയുടെ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ഇത്രയും നാള്‍ നീ എവിടെയായിരുന്നു...നിന്നെപ്പോലെ ഒരു സുന്ദരി ഇവിടെ ഉണ്ടായിരുന്നോ എന്ന് അറിയാതെ ചോദിച്ചുപോകുന്ന വിസ്മയം. മുട്ടുകാട് പാടശേഖരത്തിനോട് ചേര്‍ന്ന് ചിന്നക്കനാല്‍ പഞ്ചായത്തിലാണ് ഈ ജലപാതം ഉള്ളത്. ഇരു വശങ്ങളും ഏലക്കാടുകളാല്‍ ചുറ്റപ്പെട്ട ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തിപ്പെടാന്‍ വഴികള്‍ ഒന്നും ഇല്ലാത്തതാണ് മറഞ്ഞിരിക്കാന്‍ പ്രധാന കാരണം. സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഈ വെള്ളച്ചാട്ടം ആസ്വാദിക്കാന്‍ സാധിക്കുകയുള്ളു. മണ്‍സൂണ്‍ കാലത്തും തുലാവര്‍ഷ മഴയിലുമാണ് വെള്ളച്ചാട്ടം പൂര്‍ണ്ണ സൗന്ദര്യം വീണ്ടെടുക്കുന്നത്. ദേവികുളം സീതാദേവി തടാകത്തില്‍നിന്ന് ഉത്ഭവിക്കുന്ന വെള്ളം ചിന്നക്കനാല്‍ പവര്‍ഹൗസ് വെള്ളച്ചാട്ടവും കടന്നാണ് മുട്ടുകാട് പാറകുഴി വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത്. പാറ കുഴിയിലെക്ക് പതിക്കുന്നതിനാലാകാം പഴമക്കാര്‍ പാറകുഴി വെള്ളച്ചാട്ടം എന്ന് വിളിച്ചു പോന്നത് ചിന്നക്കനാലിലെ പെരിയകനാലില്‍ നിന്നുംരാജാക്കാട് രാജകുമാരി ഭഗത്ത് നിന്നും മുട്ടുകാട് പാടശേഖരത്തിലേക്ക് എത്തിച്ചേരാം. പാടശേഖരത്തിലൂടെയും ഏലത്തോട്ടത്തിലൂടെയും 500 മീറ്റര്‍ സഞ്ചരിച്ചാല്‍ ഈ നയന മനോഹര വെള്ളച്ചാട്ടം ആസ്വാദിക്കാന്‍ സാധിക്കും. തിതല പഞ്ചായത്തുകള്‍ വെള്ളച്ചാട്ടം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യം ഒരുക്കിയാല്‍ ചിന്നക്കനാല്‍ പഞ്ചായത്തിന്റെ ടുറിസം മാപ്പില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്താമെന്നതില്‍ സംശയമില്ല.
What's Your Reaction?