മണ്ഡലകാലം ഇങ്ങെത്തി: അയ്യപ്പന്‍മാരെ വരവേല്‍ക്കാന്‍ കാനനപാത ഒരുങ്ങുന്നു
മണ്ഡലകാലം ഇങ്ങെത്തി: അയ്യപ്പന്‍മാരെ വരവേല്‍ക്കാന്‍ കാനനപാത ഒരുങ്ങുന്നു
ഇടുക്കി: മണ്ഡലകാലം അടുത്തെത്തിയതോടെ പരമ്പരാഗത പാതയിലൂടെ ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പന്‍മാരെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വണ്ടിപ്പെരിയാര്‍ സത്രം ഒരുങ്ങുന്നു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാനനപാത വൃത്തിയാക്കലും കാടുകള്‍ വെട്ടിത്തെളിക്കലും തുടങ്ങി. ശുചിമുറി നിര്‍മാണം ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയായിട്ടില്ല. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാനനപാതയുടെ ഇരുവശത്തും വളര്‍ന്നുനില്‍ക്കുന്ന കുറ്റിക്കാടും വെട്ടിത്തെളിച്ചുതുടങ്ങി. പാതയിലേക്ക് കടപുഴകി വീണുകിടക്കുന്ന മരങ്ങളും മുറിച്ചുമാറ്റുന്നു. പുല്ലുമേട്ടില്‍ മുന്‍വര്‍ഷത്തേതുപോലെ ലഘുഭക്ഷണ ശാല ക്രമീകരിക്കും. ഇതിന്റെ നിര്‍മാണവും തുടങ്ങി. അര കിലോമീറ്റര്‍ ഇടവിട്ട് 12 ഇടങ്ങളില്‍ കുടിവെള്ളം സജ്ജമാക്കും. സീതക്കുളം, പുല്ലുമേട്, ഉപ്പുപാറ എന്നിവിടങ്ങളില്‍ മെഡിക്കല്‍, ആംബുലന്‍സ് സേവനങ്ങള്‍ ഉണ്ടാകും. സന്നിധാനം മുതല്‍ സത്രം വരെ എല്ലാ സ്ഥലങ്ങളിലും വനപാലകരും ഇക്കോ ഗാര്‍ഡുകളും ഉണ്ടാകും. പെരിയാര്‍ കടുവ സങ്കേതം വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സന്ദീപ്, അഴുത റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബെന്നി ഐക്കര എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണം പുരോഗമിക്കുന്നത്.
കഴിഞ്ഞ മണ്ഡലകാലത്ത് 1,32,500 തീര്‍ഥാടകര്‍ ഇതുവഴി സന്നിധാനത്തെത്തി. തീര്‍ഥാടകര്‍ കൂടിയത് സത്രത്ത് താമസിക്കാനും വാഹനം പാര്‍ക്ക് ചെയ്യാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത്തവണയും ദേവസ്വം ബോര്‍ഡിന്റെ 5 ശുചിമുറികള്‍ മാത്രമേയുള്ളൂ. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് താല്‍ക്കാലികമായി നിര്‍മിച്ച 20 ശുചിമുറികള്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഉപയോഗരഹിതമായി. പൊലീസിനും ദേവസ്വം ജീനക്കാര്‍ക്കും വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള ഷെഡ്ഡുകളുടെ നിര്‍മാണം മാത്രമേ ദേവസ്വം ബോര്‍ഡ് ആരംഭിച്ചിട്ടുള്ളൂ. 3 വര്‍ഷം മുമ്പ് വാഴൂര്‍ സോമന്‍ എംഎല്‍എയുടെ ആവശ്യപ്രകാരം, സത്രം പ്രധാന ഇടത്താവളമാക്കുമെന്ന് ദേവസ്വം മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
വണ്ടിപ്പെരിയാറില്‍നിന്ന് 14 കിലോമീറ്ററാണ് സത്രത്തേയ്ക്കുള്ള ദൂരം. വണ്ടിപ്പെരിയാര്‍ മുതല്‍ മൗണ്ട് എസ്റ്റേറ്റ് വരെയുള്ള 8 കിലോമീറ്റര്‍ ഭാഗം പൂര്‍ണമായി തകര്‍ന്നുകിടക്കുന്നു. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ തീര്‍ഥാടകര്‍ ബുദ്ധിമുട്ടും. കഴിഞ്ഞവര്‍ഷം പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു.
What's Your Reaction?