തേക്കടിയിലെ കാനനഭംഗി ആസ്വദിച്ച് കോതമംഗലം സാന്ത്വനം സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍
തേക്കടിയിലെ കാനനഭംഗി ആസ്വദിച്ച് കോതമംഗലം സാന്ത്വനം സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ഇടുക്കി: കോതമംഗലം സാന്ത്വനം സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പെരിയാര്‍ കടുവാ സങ്കേതം സമ്മാനിച്ചത് ജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍. ശിശുദിനാഘോഷത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പിലാണ് സാന്ത്വനം വിദ്യാര്‍ഥികള്‍ പങ്കെടുത്തത്. ഇത്തവണത്തെ ശിശുദിനാഘോഷം വ്യത്യസ്തമായി സംഘടിപ്പിക്കണമെന്ന് സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ പി യു സാജുവിന്റെ ആശയമാണ് ഈ ഉദ്യമത്തിന് പിന്നില്‍. സാന്ത്വനം സ്‌കൂളിലെ 30 വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ക്യാമ്പില്‍ അതിഥികളായി. കാടിന്റെ കരുതല്‍ ആദ്യമായി അനുഭവിച്ചറിഞ്ഞ കുരുന്നുകളുടെ കണ്ണുകളില്‍ പ്രകൃതിയുടെ കാഴ്ചകള്‍ പകര്‍ന്ന കൗതുകം പ്രകടമായിരുന്നു. ബാംബുഗ്രോവില്‍നിന്ന് ശകുന്തള കാടുവഴിയുള്ള യാത്രയില്‍ വിവിധയിനം പക്ഷികളെയും മ്ലാവ്, കേഴ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും കണ്ടു. തുടര്‍ന്ന് തേക്കടി തടാകത്തിലെ ബോട്ടിങ് കുട്ടികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. തടാകത്തില്‍ വെള്ളം കുടിക്കാനെത്തിയ വന്യമൃഗങ്ങളെ നേരില്‍ക്കണ്ട ഇവര്‍ ആര്‍ത്തുല്ലസിച്ചു. മക്കളുടെ സന്തോഷം വാനോളമുയര്‍ന്നപ്പോള്‍ രക്ഷിതാക്കളും ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു. അവിസ്മരണീയ ദിനം ഒരുക്കിയ വനപാലകര്‍ക്ക് നന്ദി പറഞ്ഞാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും മടങ്ങിയത്.
What's Your Reaction?

