സത്രം കാനനപാത തുറന്നു: അടിസ്ഥാന സൗകര്യം കുറഞ്ഞതില്‍ വിമര്‍ശനം
സത്രം കാനനപാത തുറന്നു: അടിസ്ഥാന സൗകര്യം കുറഞ്ഞതില്‍ വിമര്‍ശനം
ഇടുക്കി: മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ സത്രം കാനനപാത തുറന്നു നല്‍കി. അദ്യദിവസം 800 പേരാണ് കാനനപാതയിലൂടെ സന്നിധാനത്തേയ്ക്ക് പോയത്. ദിവസവും രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ഇതുവഴി ഭക്തരെ കടത്തിവിടുന്നത്. പൊലീസ് ഔട്ട് പോസ്റ്റില്‍ വെര്‍ച്ചല്‍ ക്യു രേഖകള്‍ പരിശോധിച്ച് ടോക്കണ്‍ നല്‍കിയ ശേഷമാണ് ഭക്തരെ കടത്തിവിട്ട് തുടങ്ങിയത്. പാത തുറക്കുന്നതിന് മുന്നോടിയായി കാനനപാതയില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പൂജകളും നടന്നു. പാതയില്‍ ഭക്തരുടെ സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 5 ശൗചാലയങ്ങള്‍ മാത്രമാണ് സത്രത്തില്‍ ഉള്ളത്. ഇവിടെ ആവശ്യത്തിന് വെള്ളമില്ലാത്തതും വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ താല്‍ക്കാലിക ശൗചാലയങ്ങള്‍ പുനര്‍ നിര്‍മിക്കാത്തതും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്. വണ്ടിപ്പെരിയാറില്‍നിന്ന്് സത്രത്തിലേക്കുള്ള റോഡും പൂര്‍ണമായി പൊളിഞ്ഞുകിടക്കുകയാണ്. മണ്ഡലകാലത്തിന് മുമ്പേതന്നെ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സര്‍ക്കാരോ ദേവസ്വം വകുപ്പോ, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് അധികൃതരോ ഒരുക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
What's Your Reaction?

