മൂന്നാറിലേയ്‌ക്കെത്തുന്ന സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്യാപ്പ് റോഡിലെ മലയില്‍ കള്ളന്‍ ഗുഹ
മൂന്നാറിലേയ്‌ക്കെത്തുന്ന സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്യാപ്പ് റോഡിലെ മലയില്‍ കള്ളന്‍ ഗുഹ
ഇടുക്കി: മൂന്നാറിലേയ്‌ക്കെത്തുന്ന സഞ്ചാരികളുടെ മനസ് കീഴടക്കുന്നിടമാണ് ഗ്യാപ്പ് റോഡ്. കോടമഞ്ഞും കുളിരും മലനിരകളുടെ കാഴ്ചകളുമൊക്കെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഗ്യാപ്പ് റോഡില്‍ പഴമയും കൗതുകവും ഇഴ ചേര്‍ന്ന മറ്റൊരു കാഴ്ചയുമുണ്ട്. അതാണ് മലയില്‍ കള്ളന്‍ ഗുഹ. വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്കയ്യന്‍ എന്നോരു കള്ളന്റെ വാസ സ്ഥലമായിരുന്നു ഈ ഗുഹയെന്നാണ് പഴങ്കഥ. പോകെ പോകെ ഈ ഗുഹ കള്ളന്‍ ഗുഹയായി മാറി. കഥയെന്തുമാകട്ടെ ഇവിടിങ്ങിനൊരു ഗുഹയുണ്ടെന്നതും ഈ ഗുഹയിപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നുവെന്നതുമാണ് യാഥാര്‍ഥ്യം. ഗ്യാപ്പ് റോഡിന്റെ ഭംഗിയാസ്വദിക്കാന്‍ എത്തുന്നവര്‍ കള്ളന്‍ ഗുഹയും കണ്ടാണ് മടങ്ങുന്നത്. ഒരു വലിയ മുറിയുടെ അത്ര വലിപ്പം കള്ളന്‍ ഗുഹക്കുള്ളിലുണ്ട്. ഗുഹക്കുള്ളില്‍ വെളിച്ചമില്ല. മുമ്പ് ഇതിനുള്ളിലൂടെ കുറച്ച് ദൂരം കൂടി മുമ്പോട്ട് പോകാമായിരുന്നെന്നും പിന്നീട് ചില പാറക്കല്ലുകളൊക്കെ അടര്‍ന്ന് വീണതോടെയാണ് ഗുഹക്കുള്ളിലെ സഞ്ചാരം ഈ രീതിയില്‍ പരിമിതപ്പെട്ടതെന്നുമാണ് മേഖലയിലെ വഴിയോര കച്ചവടക്കാര്‍ പറയുന്നത്. ഗ്യാപ്പ് റോഡ് നവീകരിച്ച ശേഷം ഒരു വലിയ മലയിടിച്ചില്‍ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും കള്ളന്‍ ഗുഹക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല. കള്ളന്‍ ഗുഹയില്‍ നവീകരണം നടത്തിയാല്‍ കൂടുതല്‍ സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കാന്‍ സാധിക്കും.
What's Your Reaction?

