ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ശ്രാദ്ധാചരണം സമാപിച്ചു
ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ ശ്രാദ്ധാചരണം സമാപിച്ചു
ഇടുക്കി: ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ 20-ാം ശ്രാദ്ധാചരണ സമാപനം കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലും സെന്റ് ജോണ്‍സ് ആശുപത്രി ചാപ്പലിലുമായി നടന്നു. അദിലാബാദ് രൂപതാധ്യക്ഷന്‍
മാര്‍. ജോസഫ് തച്ചാപറമ്പത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനക്കുശേഷം സെന്റ് ജോണ്‍സ് ആശുപത്രി ചാപ്പലിലെ കബറിടത്തിലേക്ക് ജപമാല പ്രദക്ഷിണവും തുടര്‍ന്ന്പ്രാര്‍ഥനകളും നടന്നു. സെന്റ് ജോണ്‍സ് ആശുപത്രിയുടെയും ഇന്ത്യയിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ്' പ്രസ്ഥാനങ്ങളുടെയും സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിന്റെയും സ്ഥാപക പിതാവാണ് ദൈവദാസന്‍ ബ്രദര്‍ ഫോര്‍ത്തുനാത്തൂസ്.
1968ല്‍ ജര്‍മനിയില്‍നിന്ന് കട്ടപ്പനയിലെത്തി ഹൈറേഞ്ചിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. 2005 നവംബര്‍ 21നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 2014ല്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള നാമകരണ നടപടികള്‍ നടന്നുവരികയാണ്. 2023-ല്‍ നാമകരണ നടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ കല്ലറ തുറന്ന് പരിശോധിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭൗതീക ശരീരം സെന്റ് ജോണ്‍സ് സെമിത്തേരിയിലെ കല്ലറയില്‍നിന്ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി ചപ്പലിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള അടുത്ത ഘട്ടം നാമകരണ നടപടികള്‍ നടന്നുവരികയാണ്. ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍, സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോസ് മംഗലത്ത്, ഫാ. ഫ്രാന്‍സിസ് മണ്ണാപറമ്പില്‍, ഫാ. മാത്യു കൊല്ലംപറമ്പില്‍, ഫാ. ജോണ്‍ മുണ്ടക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

