സത്രം- സന്നിധാനം കാനനപാതയില്‍ അയ്യപ്പന്‍മാരുടെ തിരക്കേറുന്നു: ദുരിതമായി മഴ
സത്രം- സന്നിധാനം കാനനപാതയില്‍ അയ്യപ്പന്‍മാരുടെ തിരക്കേറുന്നു: ദുരിതമായി മഴ
ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം-സന്നിധാനം പരമ്പരഗതാ പാതയില്‍ ശബരിമല തീര്‍ഥാകരുടെ തിരക്കേറുന്നു. ഞായറാഴ്ച 1364 തീര്‍ഥാടകര്‍ സത്രം വഴി സന്നിധാനത്തെത്തി. അതേസമയം മഴ പെയ്യുന്നത് കാനനപാതയില്‍ യാത്ര ദുഷ്‌കരമാക്കുമോയെന്ന് ആശങ്കയുണ്ട്. മണ്ഡലകാലം ആരംഭിച്ചതുമുതല്‍ ഞായറാഴ്ച വരെ 6841 തീര്‍ഥാടകര്‍ ഇതുവഴി എത്തി. വെള്ളി, ശനി ദിവസങ്ങളില്‍ സത്രത്തും കാനനപാതയിലും കനത്തമഴ പെയ്തിരുന്നു. മഴ തുടര്‍ന്നാല്‍ കാനനയാത്ര ദുരിതപൂര്‍ണമാകും.
സത്രത്തുനിന്ന് സീതക്കുളം, പുല്ലുമേട്, ഉപ്പുപാറ, പൂങ്കാവനം, പാണ്ടിത്താവളം വഴിയാണ് സന്നിധാനത്തെത്തുന്നത്. ചെങ്കുത്തായ കയറ്റവും ഇറക്കവും ഏറെയുള്ള പാതയില്‍ യാത്രയ്ക്കിടെ ആന, കാട്ടുപോത്ത്, മാന്‍, കേഴമാന്‍ തുടങ്ങിയ വന്യമൃഗങ്ങളെ കാണാനാകും.
കാനനപാതയിലൂടെ പുല്ലുമേട്ടില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1വരെയാണ് പ്രവേശനം. രാവിലെ ആദ്യസംഘം പുറപ്പെടുമ്പോള്‍ ആയുധധാരികളായ വനപാലകര്‍ തീര്‍ഥാടകരെ അനുഗമിക്കും. അരകിലോമീറ്റര്‍ ഇടവിട്ട് ചുക്ക് കാപ്പിയും ചൂടുവെള്ളവും നല്‍കും. മെഡിക്കല്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
കേരളത്തിലെ തീര്‍ഥാടകര്‍ക്ക് പുറമേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ളവരും സത്രംവഴിയാണ് പോകുന്നത്. പതിറ്റാണ്ടുകളായി കാല്‍നടയായി സഞ്ചരിച്ച് സന്നിധാനത്തെത്തുന്നവരും ഏറെയുണ്ട്.
പെരിയാര്‍ കടുവാസങ്കേതം വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സന്ദീപ്, അഴുത റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഡി ബെന്നി, സത്രം ഫോറസ്റ്റര്‍ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ വനം, പൊലീസ്, ആരോഗ്യം, ദേവസ്വം വകുപ്പുകളുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
What's Your Reaction?

