കട്ടപ്പന നഗരസഭയില്‍ യുഡിഎഫിന് 4 വിമതര്‍: മുന്‍ ചെയര്‍പേഴ്‌സണ്‍ ബീന ജോബിയും വിമത പക്ഷത്ത്
കട്ടപ്പന നഗരസഭയില്‍ യുഡിഎഫിന് 4 വിമതര്‍: മുന്‍ ചെയര്‍പേഴ്‌സണ്‍ ബീന ജോബിയും വിമത പക്ഷത്ത്
ഇടുക്കി: കട്ടപ്പന നഗരസഭയില്‍ യുഡിഎഫിന് വിമത ശല്യം. 4 സ്ഥാനാര്‍ഥികള്‍ വിമതരായി മത്സരിക്കും. നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ ബീന ജോബിയും വിമത സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ട്. 6, 23, 31, 33 എന്നീ വാര്‍ഡുകളിലാണ് വിമത സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. സീറ്റ് വിഭജനവുമായി മുമ്പ് നടന്ന ചര്‍ച്ചകളില്‍ ആവശ്യമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം മുമ്പ് തന്നെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 10 സീറ്റുകളില്‍ മത്സരിക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 10 വാര്‍ഡുകളിലേക്കുള്ള പത്രികകളും നല്‍കി. പിന്നീട് യുഡിഎഫ് ജില്ലാ നേതൃത്വം ഇടപെട്ട് ഇവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 6 പേര്‍ പത്രിക പിന്‍വലിച്ചു. ഇതോടെ 4 പേരാണ് വിമത സ്ഥാനാര്‍ഥികളായി നഗരസഭയിലേക്ക് മത്സരിക്കുന്നത്. മുന്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാനെതിരെ മണ്ഡലം ജനറല്‍ സെക്രട്ടറി റിന്റോ സെബാസ്റ്റ്യനാണ് വിമത സ്ഥാനാര്‍ഥി. മുന്‍ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നിക്കെതിരെ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മായാ ബിജു മത്സരിക്കും. മുന്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടത്തിനെതിരെ മുന്‍ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനാണ് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസിലെ മേഴ്‌സിക്കുട്ടി ജോസഫിനെതിരെ മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കൂടിയായ ബീന ജോബിയാണ് വിമതയായി മത്സര രംഗത്തുള്ളത്. 17-ാംആം വാര്‍ഡില്‍ യുഡിഎഫിന് 2 സ്ഥാനാര്‍ഥികളാണുള്ളത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലും, കേരള കോണ്‍ഗ്രസ് അംഗം സേവ്യര്‍ ചള്ളവയലിലുമാണ് മത്സര രംഗത്ത്.
What's Your Reaction?

