സ്ഥാനാര്‍ഥി ഫോട്ടോഗ്രാഫറാണ്: 'ക്ലിക്കു'കള്‍ക്കും ഡിസൈനുകള്‍ക്കും രാഷ്ട്രീയമില്ല
സ്ഥാനാര്‍ഥി ഫോട്ടോഗ്രാഫറാണ്: 'ക്ലിക്കു'കള്‍ക്കും ഡിസൈനുകള്‍ക്കും രാഷ്ട്രീയമില്ല
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്ത് നാലാംവാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഗ്രീഷ്മ രാജേഷ് സ്വന്തമായുള്ള പ്രചാരണത്തിനുപുറമേ എതിര്‍സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയുള്ള 'പ്രചാരണ'ത്തിലും സജീവമാണ്. ഫോട്ടോഗ്രാഫര്‍ ആയ ഗ്രീഷ്മയ്ക്ക് മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് പോസ്റ്റര്‍ തയാറാക്കി നല്‍കുന്നതില്‍ യാതൊരു മടിയുമില്ല. തെരഞ്ഞെടുപ്പുകാലം ഫോട്ടോഗ്രഫി, ഡിസൈനിങ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 'ചാകര'ക്കാലമാണെങ്കിലും സ്ഥാനാര്‍ഥിയാകാന്‍ ബിജെപി നേതാക്കള്‍ സമീപിച്ചപ്പോള്‍ സമ്മതം മൂളി. എന്നാല്‍ ജോലി പൂര്‍ണമായി ഒഴിവാക്കിയുള്ള പ്രചാരണമല്ല നടത്തുന്നത്. മൂന്ന് മുന്നണികളിലുമായി മത്സരിക്കുന്നവര്‍ക്ക് പോസ്റ്ററുകളും നോട്ടീസും ഫ്‌ളക്‌സ് ബോര്‍ഡുമൊക്കെ തയാറാക്കി നല്‍കും. രാഷ്ട്രീയ നിലപാടുകളുണ്ടെങ്കിലും തൊഴിലിനെ ബാധിക്കില്ലെന്നാണ് ഗ്രീഷ്മയുടെ നിലപാട്. ദിവസേന സ്റ്റുഡിയോയില്‍ എത്തുന്ന വിവിധ സ്ഥാനാര്‍ഥികള്‍ നിര്‍ദേശിക്കുന്ന പോസ്റ്ററുകള്‍ തയാറാക്കി നല്‍കിയശേഷം പ്രചാരണത്തില്‍ സജീവമാകും. വര്‍ഷങ്ങളായി ഫോട്ടോഗ്രഫി രംഗത്ത് ജോലി ചെയ്യുന്ന ഗ്രീഷ്മയെ വാര്‍ഡിലെ ജനങ്ങളെ നന്നായി അറിയാം. ഇത് പ്രചാരണത്തില്‍ ഏറെ ഗുണം ചെയ്യുന്നതായി ഇവര്‍ പറയുന്നു. രാവിലെയും വൈകിട്ടും വോട്ടര്‍മാരെ വീടുകളിലെത്തി നേരില്‍ക്കാണും. പകല്‍സമയത്തില്‍ ജോലിയില്‍ സജീവമാകും. എകെപിഎ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് ഗ്രീഷ്മ.
What's Your Reaction?