അപകടം തളര്‍ത്താത്ത മനസ്: വീല്‍ചെയറില്‍ പൊരുതിക്കയറിയ കുഞ്ഞുമോന്റെ ജീവിതം
അപകടം തളര്‍ത്താത്ത മനസ്: വീല്‍ചെയറില്‍ പൊരുതിക്കയറിയ കുഞ്ഞുമോന്റെ ജീവിതം
ഇടുക്കി: അപകടത്തില്‍ ശരീരം തളര്‍ന്നെങ്കിലും മനസാന്നിധ്യവും ആത്മവിശ്വാസവും കുഞ്ഞുമോനെയും വീല്‍ചെയറിനെയും തടസങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നു. പ്രതിസന്ധികള്‍ ഒന്നൊന്നായി തരണം ചെയ്ത് കാട ഫാം നടത്തി കാടമുട്ടയും ഇറച്ചിക്കാടകളെയും വിറ്റ് കുടുംബം നയിക്കുന്ന ഇദ്ദേഹം ഒരുപാടുപേര്‍ക്ക് പ്രചോദനമാണ്. മുള്ളരിക്കുടി മറ്റത്തില്‍ ജോസഫ് വര്‍ഗീസ് എന്ന കൊച്ചുമോന് നാലുവര്‍ഷം മുമ്പ് തെങ്ങില്‍നിന്ന് വീണാണ് നട്ടെല്ലിന് ക്ഷതംസംഭവിച്ചത്. പല ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും എഴുന്നേറ്റ് നടക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ കൊച്ചുമോന്‍ കട്ടിലില്‍നിന്ന് എഴുന്നേറ്റ് വീല്‍ചെയര്‍ സഞ്ചാരിച്ചുതുടങ്ങി.
പിന്നീടാണ് ഉപജീവനത്തിനായി വീടിനോടുചേര്‍ന്ന് കാടകളെ വളര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിച്ചത്. മലഞ്ചെരിവിലുള്ള വീടിന്റെ 100 അടി താഴ്ചയിലായി കാടകളെ വളര്‍ത്താന്‍ ചെറിയ ഷെഡ്ഡ് നിര്‍മിച്ചു. ഇവിടേയ്ക്ക് പോകുന്നതിനായി സ്വന്തമായി ലിഫ്റ്റും നിര്‍മിച്ചു. മകള്‍ ആഗ്നസ് എല്ലാവിധ പിന്തുണയുമായി അച്ഛനൊപ്പമുണ്ട്. വീല്‍ചെയറില്‍ വീടിനു താഴെയുള്ള കാടഫാമില്‍ ലിഫ്റ്റില്‍ എത്തി കാടക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും കൊച്ചുമോന്‍ തന്നെ. കാടമുട്ട വിരിയിക്കാനുള്ള ഇന്‍ക്യുബേറ്റര്‍, കാടഫാമിലേക്കിറങ്ങാനുള്ള ലിഫ്റ്റ് സംവിധാനങ്ങള്‍ കൊച്ചുമോന്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്തതാണ്. കാടകളെ വളര്‍ത്താനുള്ള കൂടുകളും ഇദ്ദേഹം ആളുകള്‍ക്ക് നിര്‍മിച്ചുനല്‍കിവരുന്നു. ഇലക്ട്രിക് വീല്‍ചെയര്‍ ഉണ്ടായിരുന്നെങ്കില്‍ ഏറെ സഹായകരമാകുമെന്നും ഇദ്ദേഹം പറയുന്നു.
What's Your Reaction?